ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടുകളും , ഡ്രോൺഷോകളുമായി പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി യുഎഇ. ആഗോളതലത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്ന ലൈവ് സംഗീത പരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടും.
ബുർജ് ഖലീഫയും പാം ജുമൈറയും ഉൾപ്പെടെ ദുബായ് നഗരത്തിന്റെ നാൽപ്പതോളം കേന്ദ്രങ്ങളിലായി വെടിക്കെട്ടുകള്‍. അബുദാബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 62 മിനിറ്റ് നീളുന്ന റെക്കോർഡ് വെടിക്കെട്ടും ആറായിരത്തിയഞ്ഞൂറിലേറെ ഡ്രോണുകൾ അണിനിരക്കുന്ന ആകാശക്കാഴ്ചയും ഇത്തവണത്തെ പ്രധാന ആകർഷണമായിരിക്കും. ആറ് കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന റാസൽ ഖൈമയിലെ വെടിക്കെട്ട് ഇത്തവണയും ഗിന്നസ് ലോക റെക്കോർഡുകളെ ലക്ഷ്യം വച്ചാണ് ഒരുക്കിയിരിക്കുന്നത്.
ദുബായിലെ തൊഴിലാളികൾക്കായി ദുബായ് തസ കുടിയേറ്റ വകുപ്പ് , ദുബായ് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സുമായി സഹകരിച്ച് അൽ ഖൂസ് കേന്ദ്രീകരിച്ച് ഇത്തവണ വമ്പൻ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് . ജെബൽ അലി, മുഹൈസ്ന തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നേരിട്ടും ഓൺലൈനായും പങ്കെടുക്കാവുന്ന ഹൈബ്രിഡ് ഫോർമാറ്റിലാണ് ഇത്തവണത്തെ ക്രമീകരണങ്ങൾ. അഞ്ച് ലക്ഷം ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ തൊഴിലാളികൾക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ലൈവ് സംഗീത നിശകളും പ്രകടനങ്ങളും പുതുവർഷ രാവിന് ഇരട്ടി മധുരം പകരും. സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത സൗകര്യങ്ങളും ശക്തമാക്കിയതോടെ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും ആവേശകരവുമായ പുതുവർഷാനുഭവമാണ് യു എ യിൽ ഒരുങ്ങുക .