ഡിസംബര്‍ രണ്ടിന് യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുസുരക്ഷ ഉറപ്പുവരുത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശനനിര്‍ദേശം. ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്നത് തടയുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നിവയാണ് മന്ത്രാലയം പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വദേശികളോടൊപ്പം വിദേശികൾക്കും ആഘോഷങ്ങളിൽ പങ്കുചേരാമെങ്കിലും, നിയമലംഘനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
അനുമതിയില്ലാതെ പൊതുനിരത്തുകളിൽ മാർച്ച് സംഘടിപ്പിക്കുകയോ ക്രമരഹിതമായി ഒത്തുചേരുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യരുത്. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഉച്ചത്തിലുള്ള സംഗീതത്തിനും ഫോം സ്പ്രേ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. വാഹനങ്ങൾ അലങ്കരിക്കുമ്പോൾ നമ്പർപ്ലേറ്റോ വിൻഡ്ഷീൽഡുകളോ മറയത്തക്കവിധം സ്റ്റിക്കറുകൾ ഉപയോഗിക്കാൻ പാടില്ല. യുഎഇ പതാകയോ അംഗീകൃത സ്റ്റിക്കറുകളോ അല്ലാതെ മറ്റ് രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്നതും നിയമലംഘനമാണ്. വാഹനത്തിന്റെ ശേഷിയെക്കാൾ കൂടുതൽ ആളുകളെ കയറ്റുകയോ ജനൽവഴിയും സൺറൂഫ് വഴിയും ആളുകൾ പുറത്തിറങ്ങുകയോ ചെയ്യരുത്. പിക്കപ്പ് പോലുള്ള വാഹനങ്ങളുടെ പിന്നിൽ ആളുകളെ കയറ്റുന്നതും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവർക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി