ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ദുബായ് റണ്ണിന്റെ ഏഴാം പതിപ്പിന് ഷെയ്ഖ് സായിദ് റോഡ് സാക്ഷിയായി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ദുബായ് റണ്ണില്‍ മലയാളികളുള്‍പ്പെടെ മൂന്ന് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്.
ദുബായ് നഗരം ഇന്ന് പുലർച്ചെ കണ്ടത് ആവേശത്തിന്റെ അവിസ്മരണീയ കാഴ്ച. ലോകത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഷെയ്ഖ് സായിദ് റോഡ്, ദുബായ് റൺ 2025-ന്റെ ഭാഗമായി ജനലക്ഷങ്ങളുടെ ഓട്ടപ്പാതയായി മാറി. പുലർച്ചെ 3 മണിമുതൽ റണ്ണിൽ പങ്കെടുക്കാൻ നിരവധിപേരാണ് ദുബായിലെത്തിയത്. 6:30-ന് ഓട്ടം ആരംഭിച്ചതോടെ ഷെയ്ഖ് സായിദ് റോഡ് ഓട്ടക്കാരുടെ നീലക്കടലായി മാറി. ബുർജ് ഖലീഫ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ തുടങ്ങിയ നഗരത്തിലെ പ്രധാന ആകർഷണങ്ങൾക്ക് മുന്നിലൂടെയായിരുന്നു റണ്‍. 5 കിലോമീറ്റർ, 10 കിലോമീറ്റർ വിഭാഗങ്ങളിലായിരുന്നു റണ്‍ ചലഞ്ച്.
ദുബായ് റണ്ണിന്റെ ഭാഗമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ, 2017-ലാണ് ദുബായ് റണ്ണിന് തുടക്കം കുറിച്ചത്. റണ്ണിൽ പങ്കെടുത്ത എല്ലാവർക്കും കിരീടാവകാശി നന്ദി അറിയിച്ചു.