Image Credit: Reuters (Left), AFP (right)

ഇറാന്‍ മിസൈലുകള്‍ ദുബായ് നഗരത്തിന് മുകളിലൂടെ പറക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയതിന് യുകെ പൗരന്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. യുഎഇ സൈബര്‍ കുറ്റകൃത്യ നിയമങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

യുകെയിലെ യുവാവടക്കം ആക്രമണദൃശ്യങ്ങളുമായി ഇരുപതോളം ആളുകളെയാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. യുകെ സ്വദേശിയുടെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

അറസ്റ്റിന് പിന്നാലെ യുഎഇക്കെതിരെ രൂക്ഷവിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തുവന്നു. യുദ്ധത്തില്‍ സുരക്ഷയൊരുക്കുന്നതിന് പകരം ആശയപ്രകടനസ്വാതന്തത്തിലേക്ക് കടന്നുകയറുകയാണ് യുഎഇ ചെയ്യുന്നതെന്നാണ് വിമര്‍ശനം.

ഇതിനിടെ മധ്യപൂര്‍വദേശത്തെയും ലോകത്തെയും ആശങ്കയിലാഴ്ത്തിയ ഇറാന്‍–യുഎസ്– ഇസ്രയേല്‍ യുദ്ധം അവസാനിക്കുന്നുവെന്നതിന്‍റെ സൂചനകള്‍ പുറത്ത്. ഒമാന്‍ ഭരണകൂടത്തിന്‍റെ നിര്‍ണായക ഇടപെടലിന് പിന്നാലെയാണ് നീക്കം. തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം സമാധാനത്തിന് തയാറാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം വേണം, തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തില്‍ ഉറപ്പുവേണം, ഇറാന്‍റെ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം പാടില്ല എന്നീ മൂന്ന് ഉപാധികള്‍ യുഎസും ഇസ്രയേലും അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂവെന്ന് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ പറഞ്ഞു. റഷ്യയിലെയും പാക്കിസ്ഥാനിലെയും ഭരണകൂടങ്ങളുമായി താന്‍ സംസാരിച്ചുവെന്നും പ്രദേശത്ത് സമാധാനം പുലരണമെന്നാണ് തന്‍റെയും നിലപാടെന്നും പക്ഷേ അതിന് ഉപാധികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

A UK citizen and nearly 20 others have been arrested by Dubai Police for filming and circulating videos of Iranian missiles flying over the city, violating UAE's strict cybercrime laws. While Amnesty International criticized the move as an infringement on freedom of expression, UAE authorities maintain that spreading such visuals causes public panic. Simultaneously, a breakthrough in regional tensions appears possible following mediation by Oman. Iranian President Masoud Pezeshkian has laid out three conditions for peace: compensation for damages, international guarantees against future attacks, and respect for Iranian sovereignty. Pezeshkian added that while he seeks regional stability, peace depends on the US and Israel accepting these terms.