Image credit: X/idf
ഗാസമുനമ്പില്‍ ഹമാസിന്‍റെ കൂറ്റന്‍ രഹസ്യ ഒളിത്താവളം കണ്ടെത്തി ഇസ്രയേല്‍. 25 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന് ഏഴു കിലോമീറ്ററാണ് നീളം. 80 മുറികളും ഈ രഹസ്യ തുരങ്കത്തില്‍ ഐഡിഎഫ് കണ്ടെത്തി. 2014ലെ ഇസ്രയേല്‍–ഹമാസ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ലഫ്റ്റനന്‍റ് ഗോള്‍ഡ്വിനിന്റെ മൃതദേഹാവിശിഷ്ടം സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഐഡിഎഫ് രഹസ്യകേന്ദ്രത്തിന്‍റെ വിഡിയോ പുറത്തുവിട്ടത്.
Image credit:IDF
റാഫയിലെ ജനവാസ കേന്ദ്രത്തിനടിയിലൂടെയാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി യുഎന്‍ നിര്‍മിച്ച കേന്ദ്രവും മോസ്കുകള്‍, ക്ലിനിക്കുകള്‍, ചെറിയ കുട്ടികള്‍ക്കായുള്ള സ്കൂളുകള്‍ എന്നിവയും കൂറ്റന്‍ തുരങ്കത്തിന് മുകളിലായുണ്ട്. ആയുധങ്ങള്‍ സൂക്ഷിക്കാനും രഹസ്യ യോഗങ്ങള്‍ ചേരാനും ആക്രമണ പദ്ധതികള്‍ക്ക് രൂപം നല്‍കാനും ഒളിച്ച് താമസിക്കാനുമെല്ലാമായാണ് ഇവിടം ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്.
ഐഡിഎഫിന്‍റെ യഹാലോം യൂണിറ്റിന്‍റെയും ഷായേത്ത് 13 നേവല്‍ കമാന്‍ഡോകളുടെയും തിരച്ചിലിനിടെയാണ് തുരങ്കം കണ്ടെത്തിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ സിന്‍വാറിനും മുഹമ്മദ് ഷബാനയ്ക്കും ഇവിടെ പ്രത്യേക മുറികള്‍ ഉണ്ടായിരുന്നുവെന്നും ഐഡിഎഫ് കണ്ടെത്തി. ലഫ്റ്റനന്‍റ് ഗോള്‍ഡിന്‍റെ മൃതശരീരം വീണ്ടെടുത്ത് ഇസ്രയേലില്‍ എത്തിക്കുന്നതിനായാണ് 2025 ജൂലൈയില്‍ ഐഡിഎഫ് പ്രത്യേക ഓപ്പറേഷന്‍ തന്നെ ആരംഭിച്ചത്. കഴിഞ്ഞ ആറുമാസമായി ഇതിനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയായിരുന്നുവെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു.
അതിനിടെ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 18 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് ആറാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തുന്നത്. ഗാസ സിറ്റിയിലെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ കൊല്ലപ്പെട്ടു. പെണ്‍കുഞ്ഞും സ്ത്രീകളുമുള്‍പ്പടെയുള്ളരാണ് കൊല്ലപ്പെട്ടത്. നിരവധി കുട്ടികള്‍ക്കും വ്യോമാക്രമണത്തില്‍ പരുക്കേറ്റിരുന്നു. അഭയാര്‍ഥികള്‍ കൂട്ടമായി പാര്‍ക്കുന്നയിടങ്ങളിലും ആക്രമണം ഉണ്ടായി. ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ ഹമാസ് വെടിയുതിര്‍ത്തെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ വ്യാപകമായി വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തി വെടിനിര്‍ത്തല്‍ കരാര്‍ അസ്ഥിരപ്പെടുത്താനാണ് ഹമാസ് ശ്രമിക്കുന്നതെന്നും ഇസ്രയേല്‍ ആരോപിച്ചു.
ഗാസയിലേക്ക് രാജ്യാന്തര സമാധാന സേനയെ അയയ്ക്കുന്നതിനുള്ള യുഎസ് പ്രമേയത്തിന് യുഎന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ബദല്‍ പ്രമേയം അവതരിപ്പിച്ച റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ എതിരില്ലാത്ത 13 വോട്ടുകള്‍ക്ക് പ്രമേയം പാസാകുകയായിരുന്നു. അംഗരാജ്യങ്ങള്‍ക്ക് കൂടി പങ്കാളികളാകാന്‍ കഴിയുന്ന തരത്തിലാകും സമാധാന സേനയുടെ രൂപീകരണം. ഗാസയുടെ പുനര്‍നിര്‍മാണവും സ്വതന്ത്ര പലസ്തീന് വഴിയൊരുക്കുന്നതുമാകും നടപടിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യാന്തര സമാധാന സേന ഗാസയിലേക്ക് എത്തുന്നതിനൊപ്പം ഹമാസിന്‍റെ നിരായുധീകരണത്തിനുള്ള പദ്ധതിയും വൈകാതെ അവതരിപ്പിക്കപ്പെട്ടേക്കും.