ബൈക്ക് ഡെലിവറി റൈഡർമാർക്ക് റോഡുകളിലെ അതിവേഗ പാതകൾ ഉപയോഗിക്കുന്നതിൽ കർശന വിലക്കുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഡെലിവറി റൈഡർമാർ ഉൾപ്പെട്ട ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വർധിച്ചതിനെ തുടർന്നാണ് നടപടി. നവംബർ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
മൂന്നോ അതിലധികമോ ലയ്നുകളുള്ള റോഡുകളിൽ ഇടതുവശത്തെ രണ്ട് ലയ്നുകൾ ഉപയോഗിക്കുന്നതിൽ നിന്നാണ് ഡെലിവറി റൈഡർമാർക്ക് വിലക്കുള്ളത്. ഒന്നോ രണ്ടോ ലയ്നുകളുള്ള റോഡുകളിൽ ഈ നിയന്ത്രണങ്ങൾ ബാധകമല്ല. കഴിഞ്ഞ വർഷം 854 അപകടങ്ങളാണ് ഡെലിവറി റൈഡർമാരുടെ ഭാഗത്തുനിന്ന് റിപ്പോർട്ട് ചെയ്തതെങ്കിൽ, ഈ വർഷം ഒൻപതര മാസം പിന്നിട്ടപ്പോൾ അപകടങ്ങളുടെ എണ്ണം 962 ആയി വർധിച്ചു.
അമിത വേഗം, പെട്ടന്നുള്ള ലയ്ൻ മാറ്റം, മതിയായ അകലം പാലിക്കാതിരിക്കൽ എന്നിവയാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. നിയന്ത്രിത ലയ്ൻ നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 500 ദിർഹമാണ് പിഴ. ഇത് ആവർത്തിച്ചാൽ പിഴ 700 ദിർഹമായി വർധിക്കും, മൂന്നാമതും നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമത്തെക്കുറിച്ച് ബോധവൽക്കരണ കാമ്പയിനും ആരംഭിക്കും. ഇത്തരം നിയന്ത്രണങ്ങൾ റോഡപകടങ്ങൾ മൂലം സംഭവിക്കുന്ന മരണവും പരിക്കും കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ദുബായ് പൊലീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ചേർന്നാണ് നിയമം നടപ്പാക്കുന്നത് .