സ്വപ്‌നങ്ങൾക്ക് ഭാഷയുടെ അതിർവരമ്പുകളില്ലെന്ന് തെളിയിച്ച ഒരു കണ്ണൂർക്കാരിയുണ്ട് ദുബായിൽ. വിവിധ ഭാഷകളിൽ പാടി ഗിന്നസ് റെക്കോർഡ് വരെ സ്വന്തമാക്കിയ ഗായിക സുചേത സതീഷ്. ദുബായ് ടി വി യിൽ സംപ്രേഷണം ചെയ്ത 'എക്സ് ഫാക്ടർ അറേബ്യയിൽ' പാടാൻ അവസരം ലഭിച്ച ഏക ഇന്ത്യക്കാരി, ഇന്ന് അറബികൾക്കിടയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഗായികയാണ്. കഴിഞ്ഞ സീസണിൽ സുചേത പാടിയ അറബിക് ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറബികൾക്കിടയിൽ ഈ മലയാളിത്തിളക്കം പ്രിയങ്കരമായത്.
ജൂറിമാരിൽ ഒരാളായ ലബനീസ് ഗായകൻ രാഖെബ്ബ് അലാമ (Ragheb Alama) പാടിയ ഗാനം അദ്ദേഹത്തിന്‍റെ മുന്നിൽ പാടിയാണ് സുചേത അവരെ ഞെട്ടിച്ചത്. ഒരേ വേദിയിൽ വിവിധ ഭാഷകളിലായി തുടർച്ചയായി പാട്ടുകൾ പാടി രണ്ട് ഗിന്നസ് അവാർഡുകളും സുചേത സ്വന്തമാക്കിയിട്ടുണ്ട്.
ഇതുവരെ നാല് സിനിമകളിൽ പിന്നണി ഗായികയായി എത്തിയിട്ടുള്ള സുചേത, വിവിധ ഭാഷകളിൽ കൂടുതൽ സിനിമകളിൽ പാടാനും ഭാഷകൾ പഠിക്കാനുമുള്ള തയ്യാറെടുപ്പിലാണ്. മദർ തെരേസ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള സുചേത, ദുബായിൽ ഡോക്ടറായ സതീഷിന്‍റെയും സുമിതയുടെയും രണ്ടുമക്കളിൽ ഇളയവളാണ്. ദുബായിൽ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ ഈ ഗായിക, സംഗീത ലോകത്ത് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.