Image Credit: Reuters
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാനക്കരാറില്‍ ഹമാസ് ഔദ്യോഗികമായി ഒപ്പിട്ടേക്കില്ലെന്ന് സൂചന. കരാറില്‍ തീര്‍ത്തും അസംബന്ധമായ വ്യവസ്ഥകള്‍ ഉണ്ടെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹമാസ് വ്യക്തമാക്കിയതോടെ ആശങ്കകള്‍ വീണ്ടും ഉയരുകയാണ്. ഗാസ മുനമ്പില്‍ നിന്നും ഹമാസ് പിന്‍മാറണമെന്ന വ്യവസ്ഥയാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസാവട്ടെ, അല്ലാത്ത പലസ്തീനികളെയാവട്ടെ, അവരുടെ സ്വന്തം മണ്ണില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചിന്തപോലും അസംബന്ധമാണെന്ന് ഹമാസിന്‍റെ രാഷ്ട്രീയ നേതാവ് ഹോസം ബാദ്രന്‍ പറഞ്ഞു. സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കാര്യമായ വിട്ടുവീഴ്ചകള്‍ ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സങ്കീര്‍ണമാണ് കാര്യങ്ങളെന്നും ബാദ്രന്‍ വിശദീകരിച്ചു.
ഹമാസ് വിട്ടയച്ച ബന്ദികളെ ട്രംപ് നേരില്‍ കാണുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാകും സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തെ കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടക്കുക. ട്രംപിന്‍റെ സമാധാന പദ്ധതിയിലെ പ്രധാന നിര്‍ദേശം ഹമാസിന്‍റെ നിരായുധീകരണമാണ്. ബന്ദികളെ രണ്ടുപക്ഷത്ത് നിന്നും വിട്ടയച്ചാല്‍ ഹമാസ് ആയുധം താഴെ വയ്ക്കണം. ഗാസ വിട്ടു പോകാന്‍ താല്‍പര്യപ്പെടുന്ന ഹമാസ് അനുകൂലികള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് എത്താനുള്ള സുരക്ഷിതമായ സൗകര്യം ചെയ്തു കൊടുക്കും എന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. എന്നാല്‍ ഈ വ്യവസ്ഥയില്‍ ചര്‍ച്ചയ്ക്ക് പോലും തങ്ങള്‍ തയാറല്ലെന്ന നിലപാടിലാണ് ഹമാസ്.
നേരത്ത നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തലില്‍ നിന്ന് നെതന്യാഹു ഏകപക്ഷീയമായി പിന്‍മാറുകയും ഹമാസ് ആയുധം താഴെ വച്ചില്ലെങ്കില്‍ ഉന്‍മൂലനം ചെയ്യുമെന്നും പ്രഖ്യാപിച്ചു. തുടര്‍ന്നാണ് ഗാസ ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം നടന്നത്. ഒടുവില്‍ ട്രംപ് മുന്നോട്ട് വച്ച കരാര്‍ അംഗീകരിച്ച് ഇസ്രയേല്‍ ഗാസയിലെ ചിലയിടങ്ങളില്‍ നിന്ന് പിന്‍മാറുകയും പലസ്തീനികളെ അവരുടെ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങി വരാന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ആയിരക്കണക്കിന് പലസ്തീനികളാണ് നടന്നും വാഹനങ്ങളിലുമായി ഗാസയിലേക്ക് മടങ്ങിയെത്തിയത്.
വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ 47 പേരെ ഹമാസ് മോചിപ്പിക്കും. 2023 ഒക്ടോബര്‍ ഏഴിന് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിക്കൊണ്ടുപോയത്. 2014 ല്‍ ഹമാസ് ബന്ദിയാക്കി കൊണ്ടുപോയ ആളുടെ അവശിഷ്ടങ്ങളും ഇതോടൊപ്പം കൈാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ടാസ്ക് ഫോഴ്സിനെ ഗാസയില്‍ നിയമിക്കാനും പദ്ധതിയുണ്ട്. മിന്നലാക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 67,682 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1219 പേരും കൊല്ലപ്പെട്ടിരുന്നു.