Image credit: Reuters
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കാന്‍ തയാറാണെന്ന് ഹമാസ്. ട്രംപിന്‍റെ ഗാസ പദ്ധതി അംഗീകരിക്കുന്നുവെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഭരണം കൈമാറുന്നതടക്കമുള്ള 20 ഇന പദ്ധതി ഞായറാഴ്ചയ്ക്കകം അംഗീകരിക്കുകയോ നിരസിക്കുകയോ വേണമെന്നും ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു.
'ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മരിച്ചവരുടെ അവശിഷ്ടങ്ങളും ട്രംപ് മുന്നോട്ട് വച്ച പദ്ധതി പ്രകാരം കൈമാറാന്‍ തയാറാണ്. അറബ്–ഇസ്ലാമിക് പിന്തുണയോടെയുള്ള പലസ്തീന്‍ ദേശീയ താല്‍പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പലസ്തീന്‍ സമിതിക്ക് ഗാസ മുനമ്പിന്‍റെ ഭരണം കൈമാറാന്‍ സന്നദ്ധ'മാണെന്നും ഹമാസിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം, ഹമാസിന്‍റെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ യുഎസ് ഇതുവരെയും തയാറായിട്ടില്ല.
അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും, എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും ഇസ്രയേല്‍, അവരുടെ പക്കലുള്ള പലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നും ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്നുമാണ് ട്രംപിന്‍റെ 20 ഇന പദ്ധതിയിലെ പ്രധാന നിബന്ധനകള്‍. ഇതിന് പുറമെ ഹമാസിന്‍റെ നിരായുധീകരണവും , രാജ്യാന്തര സമിതിക്ക് അധികാരം കൈമാറണമെന്നും ട്രംപിന്‍റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. അതേസമയം, ആയുധം വച്ച് കീഴടങ്ങണമെന്ന ഇസ്രയേലിന്‍റെയും യുഎസിന്‍റെയും ആവശ്യത്തോട് ഹമാസ് പക്ഷേ പ്രതികരിച്ചിട്ടില്ല.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ കൈമാറ്റം ചെയ്യാനും അടിയന്തര രക്ഷാസഹായം എത്തിക്കാനുമുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെയും അറബ്, ഇസ്ലാമിക്, രാജ്യാന്തര ഇടപെടലുകളെയും അഭിനന്ദിക്കുന്നുവെന്നും ഹമാസിന്‍റെ പ്രസ്താവനയില്‍ ഉണ്ട്.അതേസമയം, 20 ഇന പദ്ധതികളില്‍ ഏതിലെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയാറാണോ എന്നത് ട്രംപ് വ്യക്തമാക്കിയിട്ടില്ല.