ഗാസയില്‍ യുഎസ് പ്രഖ്യാപിച്ച സമാധാനപദ്ധതി അംഗീകരിച്ച് ഇസ്രയേല്‍. ബന്ദികളുടെ മോചനം, ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ പിന്‍മാറ്റം, ഹമാസിന്റെ കീഴടങ്ങല്‍ നിബന്ധനകള്‍, പലസ്തീന്‍ മേഖലയുടെ ഭരണത്തില്‍ അരാഷ്ട്രീയ സമിതി രൂപീകരണം എന്നിവ ഉള്‍പ്പെടുന്നതാണ് സമാധാന പദ്ധതി. ഗാസയ്ക്ക് മാനുഷികമായ സഹായം എത്തിക്കണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചു.
ഗാസയുടെ പുനര്‍നിര്‍മാണത്തിന് ട്രംപ് അധ്യക്ഷനായ രാജ്യാന്തര സമിതി വരും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വൈറ്റ്ഹൗസിലെത്തി ട്രംപിനെ കണ്ടതിന് പിന്നാലെയാണ് സമാധാന പദ്ധതി യുഎസ് പ്രഖ്യാപിച്ചത്. പദ്ധതിയിലെ നിര്‍ദേശങ്ങള്‍ ഹമാസ് കൂടി അംഗീകരിച്ചാല്‍ ഇസ്രയേല്‍ ആക്രമണം നിര്‍ത്തിവയ്ക്കുമെന്നും ഇല്ലെങ്കില്‍ സൈനിക നടപടി ശക്തമാക്കാന്‍ ഇസ്രയേലിന് പൂര്‍ണപിന്തുണ നല്‍കുമെന്നും ട്രംപ് പറഞ്ഞു.
അതേ സമയം ഖത്തറിെന ആക്രമിച്ചതില്‍ ക്ഷമാപണം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. വൈറ്റ്ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനിയെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചത്. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് നെതന്യാഹു ഉറപ്പുനല്‍കിയപ്പോള്‍ ഖത്തര്‍ സ്വാഗതം ചെയ്തെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഗാസയ്‌ക്കായുള്ള തങ്ങളുടെ ഇരുപതിന സമാധാന പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാന്‍ തയ്യാറാവണമെന്നുള്ള മുന്നറിയിപ്പ് കൂടി നല്‍കുന്നുണ്ട് ട്രംപും നെതന്യാഹുവും. അതേസമയം തന്നെ ഹമാസുമായി കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നതും അവരുടെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്തില്ലെന്നതും വ്യക്തമാണ്. ഈ വിഷയത്തില്‍ ഹമാസിന് ഒരു തിരഞ്ഞെടുപ്പിനുള്ള അവസരം നല്‍കില്ലെന്ന വാദത്തോടെയാണ് സമാധാനപദ്ധതി ഇസ്രയേല്‍ അംഗീകരിച്ചത്. ഹമാസ് ഉടമ്പടി അംഗീകരിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ ബന്ദികളെയെല്ലാം മോചിപ്പിക്കുമെന്നും ട്രംപ് ഉറപ്പുനല്‍കി. ഹമാസിനോട് ആയുധം വച്ച് കീഴടങ്ങാനും ഗാസഭരണം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടുള്ള നിബന്ധനകളാണിതിലുള്ളത്.
ഇന്നലെയോടെ ഇസ്രായേൽ ടാങ്കുകൾ ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് കടന്നുചെന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു വൈറ്റ് ഹൗസില്‍ ചര്‍ച്ച നടന്നത്. ഏറ്റവും കടുത്ത യുദ്ധത്തിലേക്ക് ഇസ്രയേല്‍ പോകാന്‍ തീരുമാനിച്ചിരുന്നു. ഹമാസിന്റെ അവസാനത്തെ ഒളിത്താവളങ്ങൾ കൂടി തുടച്ചുനീക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. 2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 65,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 160,000-ത്തിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.