ദമാം സ്വദേശിയായ യുവാവുമായുള്ള സംഘർഷത്തിന് ശേഷം, മലയാളി യുവാവ് കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി, അഖിൽ അശോക് കുമാറാണ് (28) ദമാം ബാദിയയിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്.
സ്റ്റെയർകെയ്‌സ് പടികളിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. അടിപിടിക്ക് ശേഷം ഓടി രക്ഷപ്പെട്ട ദമാം സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മില്‍ അടിപിടിയുണ്ടാകുന്നത് കണ്ടുവെന്ന് പറഞ്ഞെത്തിയ സുഡാനി പൗരൻ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊലപാതകിയെ വളരെ വേഗത്തില്‍ പിടികൂടിയത്. എന്താണ് ഇവര്‍ തമ്മിലുള്ള പ്രശ്നമെന്നത് ഇപ്പോഴും പുറത്ത് വന്നിട്ടില്ല. 7 വർഷമായി എസി ടെക്നീഷ്യനായി ഖത്തീഫിലാണ് അഖില്‍ ജോലി ചെയ്തിരുന്നത്.
സൗദി ദമാമിന് സമീപം അഖിൽ എത്തിയത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുകയാണ്. ഖത്തീഫിൽ താമസിക്കവേ അഖിലിനോടൊപ്പം സന്ദർശക വിസയിൽ ഭാര്യയും അച്ഛനും അമ്മയും താമസിച്ചിരുന്നു. ഇവര്‍ രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചുപോയത്. അഖിലിന്‍റെ വിവാഹം 2 വര്‍ഷം മുമ്പാണ് കഴിഞ്ഞത്. റിയാദിലുള്ള അഖിലിന്റെ സഹോദരൻ ആദർശ് ദമാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.