Iron Beam laser anti-missile interception system, developed by Israel, is seen in action in this handout image obtained by Reuters on September 17, 2025. Israel Defence Ministry/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY.
മിസൈല്‍ അധിഷ്ഠിത ലേസര്‍ പ്രതിരോധ കവചമായ അയേണ്‍ ബീം വിജയകരമായി പരീക്ഷിച്ചുവെന്ന ഇസ്രയേലിന്‍റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. യുദ്ധത്തെയും പ്രതിരോധത്തെയും അടിമുടി മാറ്റാന്‍ ശേഷിയുള്ള വ്യോമപ്രതിരോധമാണ് അയേണ്‍ ബീമിന്‍റെ വരവോടെ രൂപപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെയാകും അത്യുഗ്ര ശേഷിയുള്ള ലേസര്‍ പ്രതിരോധം ഇസ്രയേല്‍ സ്ഥാപിക്കുക.
റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും എല്‍ബിറ്റ് സിസ്റ്റംസുമാണ് അയേണ്‍ ബീം 450 വികസിപ്പിച്ചെടുത്തത്. പകരം വയ്ക്കാനില്ലാത്ത കൃത്യതയും വേഗതയുമാണ് അയേണ്‍ ബീമിനെ മറ്റെല്ലാ വ്യോമപ്രതിരോധങ്ങളിലും വ്യത്യസ്തമാക്കുന്നത്. മാത്രവുമല്ല ചെലവും തുച്ഛമാണ്. ശത്രു മിസൈലിനെ തകര്‍ക്കാന്‍ അയേണ്‍ ഡോമിന് 50,000 ഡോളര്‍ ചെലവ് വരുമ്പോള്‍ അയേണ്‍ ബീമിന് കേവലം രണ്ട് ഡോളര്‍ മാത്രമേ വേണ്ടി വരുന്നുള്ളൂവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. മാത്രവുമല്ല, വൈദ്യുതിയോ മറ്റ് ഊര്‍ജ സ്രോതസ്സോ ഉള്ളിടത്തോളം അയേണ്‍ ബീം പ്രവര്‍ത്തിക്കുമെന്നും അതുകൊണ്ട് തന്നെ പ്രതിരോധത്തില്‍ വീഴ്ചയുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നൂറ് മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ക്കപ്പുറം വരെയാണ് നിലവില്‍ അയേണ്‍ ബീമിന്‍റേ റേഞ്ച്. ഇത് വര്‍ധിപ്പിക്കുന്നതിനായി ഗവേഷണങ്ങളും തുടര്‍ന്ന് വരികയാണ്.
ശത്രു മിസൈലിന്‍റെ പോര്‍മുന താഴെ വീഴും വരെ ലേസര്‍ ബീമില്‍ നിന്നും തീവ്രപ്രകാശം ചൊരിയുന്ന രീതിയിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഇസ്രയേലിന്‍റെ കൈവശം നിലവിലുള്ള വ്യോമവേധങ്ങളാവട്ടെ, ആദ്യം ശത്രുവിനെ തിരിച്ചറിയുകയും പിന്നീട് അതിനെ തകര്‍ക്കാനുള്ള മിസൈല്‍ അയയ്ക്കുകയുമാണ് ചെയ്തിരുന്നത്. പ്രകാശം കുറവുള്ള സ്ഥലങ്ങളിലും, അന്തരീക്ഷം മേഘാവൃതമാണെങ്കിലും അയേണ്‍ ബീമിന് കൃത്യതയോടെ പ്രവര്‍ത്തിക്കാനാവില്ലെന്നതാണ് പോരായ്മ.
അയേണ്‍ ബീമിന് പുറമെ അയേണ്‍ ബീം എമ്മും റഫാല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്രയേലിന്‍റെ കൈവശമുള്ള വ്യോമവേധത്തിന്‍റെ ചെറുപതിപ്പാണിത്. തന്ത്ര പ്രധാന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് മുകളില്‍ ഇത് സ്ഥാപിക്കാന്‍ കഴിയും. ഇത് കൂടാതെ ലൈറ്റ് ബീം, മാരി ടൈം എന്നീ പതിപ്പുകളും റാഫാല്‍ വികസിപ്പിച്ചിട്ടുണ്ട്. ലൈറ്റ് ബീം കവചിത സൈനിക വാഹനങ്ങളിലും മാരി ടൈം നേവി ബോട്ടുകളിലും ഉപയോഗിക്കാം.
അയേണ്‍ ബീമെത്തുന്നതോടെ വ്യോമപ്രതിരോധത്തില്‍ ഇസ്രയേല്‍ സൂപ്പര്‍ പവറാകുകയാണ്. 90 ശതമാം കൃത്യതയുള്ള അയേണ്‍ ഡോം, ബാലിസ്റ്റിക് മിസൈലുകളടക്കമുള്ളവയെ തകര്‍ക്കാന്‍ ശേഷിയുള്ള ആരോ, മീഡിയം റേഞ്ച് മിസൈലുകളെ വീഴ്ത്താന്‍ കഴിയുന്ന ഡേവിഡ് സ്ലിങ് എന്നിവയാണ് ഇസ്രയേലിന്‍റെ കൈവശം നിലവിലുള്ളത്.