ഹമാസ് നേതാക്കളെ വധിക്കാനെന്ന പേരില്‍ ഖത്തര്‍ ആക്രമിച്ച ഇസ്രയേലിന്‍റെ നടപടിക്ക് നെതന്യാഹു വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബുല്‍റഹ്മാന്‍ അല്‍ താനി. ഗാസയിലെ ബന്ദികള്‍ക്ക് ജീവനോടെ തിരിച്ചെത്താമെന്ന അവസാനത്തെ പ്രതീക്ഷ കൂടിയാണ് നെതന്യാഹു നശിപ്പിച്ച് കളഞ്ഞതെന്നും നെതന്യാഹുവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തിലാണ് നെതന്യാഹുവിനെതിരെ അല്‍ താനി തുറന്നടിച്ചത്. ദോഹയിലെത്തി ഇസ്രയേല്‍ നടത്തിയ ആക്രമണം അപരിഷ്കൃതവും മ്ലേച്ഛവുമായിപോയെന്നും അദ്ദേഹം തുറന്നടിച്ചു. ഇസ്രയേലിന്‍റെ നടപടികളെ വിശദമായി വിലയിരുത്തുകയാണെന്നും യുഎസുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ടെന്നും അല്‍ താനി വെളിപ്പെടുത്തി.
യുഎസ് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തി മൂന്ന് മാസം കഴിഞ്ഞതോടെ ഇസ്രയേലും ആക്രമിച്ചത് ഖത്തറിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യുഎസ് വാഗ്ദാനം ചെയ്ത സുരക്ഷയെ കുറിച്ചും ഈ രണ്ട് ആക്രമണങ്ങളും ചോദ്യമുയര്‍ത്തുന്നു. അല്‍പ്പമെങ്കിലും സംസ്കാരമുള്ളവരുമായാണ് ഇടപെട്ടിരുന്നതെന്നാണ് ഖത്തര്‍ കരുതിയിരുന്നത്. പക്ഷേ നെതന്യാഹു ഇപ്പോള്‍ ചെയ്തതിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. അത്രമാത്രം അപരിഷ്കൃതവും മ്ലേച്ഛവുമാണത്'- അല്‍ താനി പറഞ്ഞു.
ബന്ദികളിലൊരാളുടെ കുടുംബാംഗവുമായി ആക്രമണമുണ്ടായ ദിവസവും താന്‍ സംസാരിച്ചുവെന്നും ഖത്തറിന്‍റെ നേതൃത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ അവര്‍ ഏറ്റവും പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നതെന്നും അല്‍താനി വെളിപ്പെടുത്തി. എന്നാല്‍ ആ പ്രതീക്ഷയും നശിച്ച അവസ്ഥയിലാണ് ബന്ദികളുടെ ഉറ്റവരെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെത്തി ഇസ്രയേല്‍ നടത്തിയത് ഭീകരാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്‍റെ ശത്രുക്കള്‍ എവിടെ മറഞ്ഞിരുന്നാലും ആക്രമിക്കുമെന്ന് കഴിഞ്ഞ ബുധനാഴ്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഖത്തറിലുള്ള ഹമാസ് നേതാക്കളെ പുറത്താക്കണമെന്നും അല്ലെങ്കില്‍ പിടികൂടി കൈമാറണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. 'നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍, ഞങ്ങള്‍ ചെയ്യും' എന്നായിരുന്നു നെതന്യാഹുവിന്‍റെ വാക്കുകള്‍.
ഹമാസുമായി അടുത്ത രാഷ്ട്രീയബന്ധമാണ് ഖത്തറിനുള്ളത്. അതുകൊണ്ടുതന്നെ ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കും ഈജിപ്തിനും യുഎസിനുമൊപ്പം അവര്‍ വഹിക്കുന്നുമുണ്ട്. ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്‍റെ ഉന്നതരെയാണ് ലക്ഷ്യമിട്ടതെങ്കിലും അവര്‍ രക്ഷപെട്ടു.
ഖത്തര്‍ ആക്രമിക്കുന്ന വിവരം താന്‍ അറിഞ്ഞില്ലെന്നും, ആകാശത്ത് യുദ്ധവിമാനങ്ങളെത്തിക്കഴിഞ്ഞ ശേഷമാണ് അമേരിക്കന്‍ സൈന്യം വിവരമറിയിച്ചയുടന്‍ ഖത്തറിനെ അറിയിച്ചുവെന്നും ട്രംപ് തുറന്ന് പറഞ്ഞിരുന്നു. നെതന്യാഹുവിന്‍റെ നടപടി യുഎസിന്‍റെ സഖ്യകക്ഷിക്ക് മേലുള്ള ആക്രമണം ആണെന്നും ട്രംപ് തുറന്നടിച്ചു. എന്നാല്‍ ഖത്തറിനെ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും ഹമാസിനെയാണ് ആക്രമിച്ചതെന്നുമാണ് ഇസ്രയേലിന്‍റെ നിലപാട്.