qatar-prime-minister

Qatar's Prime Minister and Foreign Minister Mohammed bin Abdulrahman al-Thani addresses a press conference following Israeli strikes in Doha on September 9, 2025.

TOPICS COVERED

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണം മുന്‍കൂട്ടി അറിയിച്ചെന്ന് അമേരിക്കയുടെ വാദം തള്ളി ഖത്തര്‍.മുന്‍കൂട്ടി അറിയിച്ചെന്ന പ്രചാരണം തെറ്റാണെന്നും സ്ഫോടനം നടക്കുമ്പോഴാണ് യു.എസ്. പ്രതിനിധി വിളിച്ചതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ദോഹയിലെ ഇസ്രയേല്‍ ആക്രമണം അമേരിക്ക ഖത്തറിനെ മുന്‍കൂട്ടി അറിയിച്ചെന്നാണ് വൈറ്റ്ഹൗസ് പ്രതിനിധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.  ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഖത്തര്‍, ഇസ്രയേല്‍ ഭരണാധികാരികളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. 

അതേസമയം ദോഹയില്‍ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതാവ് അല്‍ ഹയ്യയുടെ മകനും ഉള്‍പ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കെത്തിയ പ്രതിനിധി സംഘം സുരക്ഷിതരാണെന്നും ഹമാസ് വ്യക്തമാക്കി. ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യ. സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യ അഭ്യർഥിച്ചു. മേഖലയിൽ സംയമനം പാലിക്കണം. സമാധാനവും സുരക്ഷയും അപകടത്തിലാക്കരുതെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കി. ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള ഖത്തറിലേക്കും സംഘർഷം വ്യാപിക്കുന്നത് കടുത്ത ആശങ്കയോടെയാണ് ഇന്ത്യ  നിരീക്ഷിക്കുന്നത്. 

മുതിര്‍ന്ന ഹമാസ് നേതാവായ ഖലീല്‍ അല്‍– ഹയ്യയെ ലക്ഷ്യമിട്ടായിരുന്നു ഖത്തറിനുള്ളിലേക്ക് കടന്നുചെന്നുള്ള ഇസ്രയേല്‍ ആക്രമണം. കഴിഞ്ഞ വര്‍ഷത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇസ്മയില്‍ ഹനിയ, യഹ്യ സിന്‍വാര്‍ എന്നി നേതാക്കള്‍ കൊല്ലപ്പെട്ടതോടെയാണ് ഖലീല്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നത്. ഇസ്രയേല്‍–ഹമാസ് യുദ്ധത്തിന്‍റെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പ്രധാനമുഖമായിരുന്നു ഖലീല്‍. 2024 ല്‍ ഇറാനില്‍ ഹനിയയെ ഇസ്രയേല്‍ കൊലപ്പെടുത്തിയ ശേഷം വിദേശത്ത് ഹമാസിന്‍റെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിട്ടാണ് ഖലീലിനെ കണക്കാക്കിയിരുന്നത്.

ENGLISH SUMMARY:

Qatar attack refers to a recent incident where Israel allegedly targeted Hamas leaders in Doha. This event has triggered reactions from various countries, including Qatar and India, raising concerns about regional stability and the ongoing ceasefire talks.