Image Credit : Facebook / Meta Ai

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 15 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയ ഇന്ത്യന്‍ യുവാവ് തിരികെ നാട്ടിലേക്ക് മടങ്ങുന്നു. 3 വര്‍ഷക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ സന്ദീപ് കുമാര്‍ നാട്ടിലേക്ക് മടങ്ങുന്നത്. തന്‍റെ 30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇത്രത്തോളം സന്തോഷം അനുഭവിച്ച മറ്റൊരു നിമിഷം ഉണ്ടായിട്ടില്ലെന്ന് നറുക്കെടുപ്പ് ഫലം വന്നതിന് പിന്നാലെ സന്ദീപ് ഗള്‍ഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. 200669 എന്ന നമ്പറുളള അബുദാബി ബിഗ് ടിക്കറ്റ് ഓഗസ്റ്റ് 19നാണ് സന്ദീപ് വാങ്ങിയത്. സെപ്റ്റംബര്‍ 3ന് വന്ന ഫലപ്രഖ്യാപനം സന്ദീപിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചിരുകയാണ്.

15 മില്യണ്‍ ദിര്‍ഹമാണ് സമ്മാനത്തുക. അതായത് ഏകദേശം 35 കോടി രൂപയ്ക്ക് മുകളില്‍ വിജയിക്ക് ലഭിക്കും. ദുബായിൽ ഡ്രൈ ഡോക്ക് ജീവനക്കാരനായാണ് സന്ദീപ് കുമാർ ജോലിചെയ്യുന്നത്. കഴിഞ്ഞ മൂന്നുമാസമായി 20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് അബുദാബി ബിഗ് ടിക്കറ്റ് എടുത്തിരുന്നതെന്നും സമ്മാനത്തുക സുഹൃത്തുക്കള്‍ക്ക് വീതിച്ചുനല്‍കുമെന്നും സന്ദീപ് പറയുന്നു. ടിക്കറ്റ് തനിച്ച് വാങ്ങാനുളള സാമ്പത്തികശേഷി തനിക്കില്ലെന്നും അതുകൊണ്ടാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് വാങ്ങിയിരുന്നതെന്നും സന്ദീപ് പറഞ്ഞു. 

നാട്ടില്‍ മാതാപിതാക്കളും ഭാര്യയും 2 സഹോദരന്മാരും ഒരു സഹോദരിയും അടങ്ങുന്നതാണ് സ്ന്ദീപിന്‍റെ കുടുംബം. അച്ഛന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ തന്നെ വല്ലാതെ അലട്ടിയിരുന്നെന്ന് സന്ദീപ് പറയുന്നു. ഇനി കുടുംബത്തോടൊപ്പം ശിഷ്ടകാലം ഒന്നിച്ച് കഴിയാം എന്ന സന്തോഷത്തിലാണ് സന്ദീപ്. നാട്ടില്‍ നല്ലൊരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹവും ഈ 30കാരനുണ്ട്. സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത അത്ര വല്യ സൗഭാഗ്യം തനിക്ക് സമ്മാനിച്ച ദുബായിയോട് യാത്ര പറഞ്ഞ് ജന്മാനാട്ടിലേക്ക് തിരിക്കാനൊരുങ്ങുകയാണ് സന്ദീപ് ഇപ്പോള്‍...

ENGLISH SUMMARY:

Abu Dhabi Big Ticket Winner Sandeep Kumar returns home after winning 15 million dirhams in the Abu Dhabi Big Ticket lottery. The Indian expat is ending his 3-year tenure in Dubai to be with his family and start a business in his homeland.