നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി അതിജീവിത രംഗത്തെത്തിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മഞ്ജു വാര്യരും രംഗത്ത്. ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ടെന്നും, പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ലെന്നും മഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.
'കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്ന് ദിലീപിന്‍റെ പേര് പറയാതെ മഞ്ജു കുറിച്ചു. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ.
പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ'. – മഞ്ജു വ്യക്തമാക്കുന്നു.
വിധി അദ്ഭുതപ്പെടുത്തുന്നില്ലെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വിചാരണക്കോടതിയില്‍ നേരത്തെ വിശ്വാസം നഷ്ടപ്പെട്ടു. നിയമത്തിനുമുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരല്ല എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി. തന്‍റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിച്ചില്ല. വിചാരണ ഓപ്പണ്‍ കോടതിയില്‍ വേണമെന്ന ആവശ്യം നിരാകരിച്ചുവെന്നും പോസ്റ്റില്‍ അിജീവിത പറഞ്ഞു.