Image Credit: AFP
ആണവ ശാസ്ത്രജ്ഞരെ അതീവ സുരക്ഷയില്‍ രഹസ്യ സങ്കേതത്തിലേക്ക് ഇറാന്‍ മാറ്റിയെന്ന് റിപ്പോര്‍ട്ട്. 12 ദിവസം നീണ്ട യുദ്ധത്തിനിടെ ആണവ ശാസ്ത്രജ്ഞരെ ഇസ്രയേല്‍ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കമെന്നും ഇത്തരത്തില്‍ സുരക്ഷിത കേന്ദ്രങ്ങളിലെത്തിയവര്‍ ഇറാന്‍റെ ആണവ പ്രൊജക്ടുമായി മുന്നോട്ട് പോകുകയാണെന്നും 'ദ് ടെലഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വകലാശാല പരിസരങ്ങളില്‍ നിന്നും സ്വവസതികളില്‍ നിന്നും ശേഷിക്കുന്ന ആണവ ശാസ്ത്രജ്ഞരെയെല്ലാം ഇറാന്‍ മാറ്റിയ വിവരം മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. ടെഹ്റാനിലെയും വടക്കന്‍ തീര നഗരങ്ങളിലേക്കുമാണ് കുടുംബത്തോടെ മാറ്റിയതെന്നും സൂചനയുണ്ട്.
ഇസ്രയേല്‍ ഹിറ്റ്ലിസ്റ്റില് ഉള്‍പ്പെടുത്തിയ 100 ആണവ ശാസ്ത്രജ്ഞരില്‍ 15 പേര്‍ ഇക്കൂട്ടത്തിലുണ്ട്. ഭാവിയില്‍ ഉണ്ടാകുന്ന ഏത് ആക്രമണത്തില്‍ നിന്നും ഇറാന്‍റെ പ്രതിരോധ മേഖലയുടെ നട്ടെല്ല് തന്നെയായ ശാസ്ത്രജ്ഞരുടെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനമെന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടതോടെയാണ് നടപടി. സര്‍വകലാശാലകളില്‍ പഠിപ്പിച്ചിരുന്ന പ്രൊജക്ടുമായി ബന്ധമുള്ള പ്രഫസര്‍മാരും കുടുംബത്തോടെ സ്ഥലംമാറ്റപ്പെട്ടവരിലുണ്ട്. ഇവര്‍ക്ക് പകരം ആണവ പ്രൊജക്ടുമായി ബന്ധമില്ലാത്ത പുതിയ അധ്യാപകരെ നിയമിച്ചുവെന്നും ഇറാന്‍ ഉന്നതന്‍ വെളിപ്പെടുത്തുന്നു.
അതേസമയം, ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വീണ്ടും ആരംഭിച്ചേക്കുമെന്നും ആണവായുധം വികസിപ്പിക്കാനുള്ള നടപടികള്‍ പുനഃരാരംഭിച്ചേക്കുമെന്നുള്ള ആശങ്കയുണ്ടെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശാസ്ത്രജ്ഞരുടെ റോളുകളിലേക്ക് ശേഷിക്കുന്നവരെ സര്‍ക്കാര്‍ നിയോഗിച്ചുകഴിഞ്ഞുവെന്നും രഹസ്യസങ്കേതത്തില്‍ അവര്‍ തങ്ങളുടെ ജോലി തുടരുകയാണെന്നുമാണ് ചാരന്‍മാരുടെ വിലയിരുത്തല്‍. ന്യൂക്ലിയര്‍ ഫിസിക്സില്‍ പ്രാവീണ്യം തെളിയിച്ച ഗവേഷകര്‍, ആണവപോര്‍മുനയടക്കം വികസിപ്പിക്കാന്‍ശേഷിയുള്ള സ്ഫോടക വസ്തു വിദഗ്ധര്‍ തുടങ്ങിയവരാണ് ഈ സംഘത്തിലുള്ളതെന്നും രഹസ്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആണവ പോര്‍മുന വഹിക്കാനുള്ള ഷഹാബ്–3 മിസൈല്‍ വികസിപ്പിക്കുന്നതിന്‍റെ പ്രവര്‍ത്തനങ്ങളിലാണ് ഇറാനെന്നാണ് ഇസ്രയേലി ഇന്‍റലിജന്‍സ് ആരോപിക്കുന്നത്. പോര്‍മുനകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവരാണ് ഇസ്രയേലിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശാസ്ത്രജ്ഞരെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇറാന്‍റെ ആണവ പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങള്‍ സര്‍വകലാശാലകളിലും അക്കാദമിക് കേന്ദ്രങ്ങളിലുമാണെന്നും ഇത് മനസിലാക്കിയാണ് 12 ദിന യുദ്ധത്തില്‍ ടെഹ്റാനിലെ സര്‍വകലാശാലകളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു