വേനല്‍ക്കാല ഉത്സവത്തിന് ജിദ്ദയില്‍ കൊടിയേറി. വേനല്‍ ചൂടിനെ വകവയ്ക്കാതെ ആയിരങ്ങളാണ് 'കളര്‍ യുവര്‍ സമ്മര്‍' എന്ന പേരില്‍ ഒരുക്കിയിട്ടുളള വിനോദ, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നത്. സൗദി ടൂറിസം അതോറിറ്റിയാണ് പരിപാടി ഒരുക്കിയത്.
സ്വദേശികളെയും വിദേശികളയെും ആകര്‍ഷിക്കുന്ന വിനോദ, കായിക, ഷോപ്പിംഗ്, സാംസ്‌കാരിക മേളയാണ് ജിദ്ദയില്‍ അരങ്ങേറുന്നത്. ചെങ്കടല്‍ തീരത്ത് 'ജിദ്ദ വേവ്‌സ്' എന്ന പേരിലാണ് കലാ, കായിക വിനോദ പരിപാടികള്‍. സായ, ഏദന്‍, കാഷ്ത ബീച്ചുകള്‍ക്കു പുറമെ സ്ത്രീകള്‍ക്കായി പ്രത്യേകം ഒരുക്കിയ പിങ്ക് ബീച്ചിലും പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
ഫോറസ്റ്റ് വണ്ടേഴ്‌സ്, ഹൊറര്‍ ഫെസ്റ്റ് തുടങ്ങിയ വിനോദ കേന്ദ്രങ്ങള്‍ക്കു പുറമെ പുരാതന നഗരമായ അല്‍ ബലദില്‍ സംഗീത പ്രകടനങ്ങള്‍ക്കും ഷോപ്പിംഗിനും അവസരമുണ്ട്. സൗദിയിലെ അതിപുരാതന നഗരക്കാഴ്ചകളും ബലദില്‍ കാണാം. ജിദ്ദ ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്ന പേരില്‍ വ്യാപാരികളെ പങ്കാളികളാക്കി പ്രത്യേക ഉത്സവമാണ് തെരുവുകളില്‍ അരങ്ങേറുന്നത്. ബാബ് മക്ക മുതല്‍ ബലദ് വരെ സംഗീത നിശകളും ലൈവ് ഷോകളും കാണാന്‍ എത്തുന്ന വന്‍ ജനാവലിയാണ് ജിദ്ദ തെരുവുകളെ സജീവമാക്കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന 'കളര്‍ യുവര്‍ സമ്മര്‍' ഉത്സവം ഓഗസ്ത് 31ന് തിരശ്ശീല വീഴും.