trump-united-arab

യുഎസിനെതിരെ കടുത്ത നിലപാടുമായി യുഎഇ. ഇറാനെതിരായ സൈനികനടപടികളോട് സഹകരിക്കില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാനെതിരായ ഒരു സൈനിക നടപടിക്കും യുഎഇയുടെ വ്യോമ, കര, സമുദ്ര അതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ല. നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍, രാജ്യാന്തര നിയമങ്ങള്‍ പാലിക്കുക, രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം എന്നിവയാണ് മാര്‍ഗങ്ങളെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇറാനെതിരെ യുഎസ് സൈനിക നടപടിയുണ്ടായേക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് യുഎഇയുടെ പ്രതികരണം.

യുഎസിനു മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം ഇറാൻ രംഗത്തെത്തിയിരുന്നു. മധ്യ ടെഹ്റാനിലെ ഇങ്കലാബ് ചത്വരത്തില്‍ ഉയര്‍ത്തിയ കൂറ്റന്‍ മ്യൂറല്‍ ബോര്‍ഡിലാണ് അമേരിക്കയ്ക്കുള്ള ഇറാന്‍റെ സന്ദേശം. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന്‍റെ മേല്‍ തകര്‍ന്ന് കിടക്കുന്ന യുദ്ധവിമാനങ്ങളും ചോരപ്പാടുകളുമാണ് ചിത്രത്തില്‍. സമുദ്രത്തിലാകെ രക്തം ചാലുകളായി ഒഴുകുന്നതും കാണാം. അതിനൊപ്പം 'നിങ്ങള്‍ കാറ്റു വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യു'മെന്ന മുന്നറിയിപ്പും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ഞായറാഴ്ചയാണ് യുഎസ്എസ് എബ്രഹാം ലിങ്കണും മറ്റ് യുദ്ധക്കപ്പലുകളും മധ്യപൂര്‍വദേശത്ത് എത്തിയത്. ഇവ ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുകയാമെന്ന് ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുള്ള കപ്പല്‍ ഇസ്രയേല്‍ തീരത്തേക്കും നീങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെഹ്റാന്‍ ലക്ഷ്യമാക്കി ധാരാളം കപ്പലുകള്‍ നീങ്ങുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനില്‍ നടന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെയാണ് യുഎസ് ഇറാനെതിരെ നടപടികള്‍ കടുപ്പിച്ചത്.