uae

TOPICS COVERED

തൊഴിലാളികൾക്ക് പരാതികൾ മാതൃഭാഷയിൽ തന്നെ അധികൃതരെ അറിയിക്കാനുള്ള നൂതന സംവിധാനവുമായി യു.എ.ഇ  മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഭാഷാപരമായ ബുദ്ധിമുട്ടുകൾ കാരണം പരാതിപ്പെടാൻ മടിച്ചിരുന്ന പ്രവാസി തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുന്നതാണ് പുതിയ പരിഷ്കാരം. തൊഴിലാളികൾക്ക് പുറമെ പൊതുസമൂഹത്തിനും ചൂഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കാം.

മലയാളം ഉൾപ്പെടെ 17 ഭാഷകളിൽ പരാതികൾ സമർപ്പിക്കാനുള്ള സൗകര്യമാണ് അധികൃതർ പുതുതായി ഏർപ്പെടുത്തിയത് .  ഓൺലൈൻ വഴിയുള്ള സേവനങ്ങൾക്ക് പുറമെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ നേരിട്ടെത്തി മാതൃഭാഷയിൽ സഹായം തേടാനും സാധിക്കും. പരാതി നൽകിയാൽ ജോലി നഷ്ടപ്പെടുമോ എന്ന തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ അതീവ രഹസ്യമായ സംവിധാനം മന്ത്രാലയം ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം പതിനേഴായിരത്തിലധികം തൊഴിലാളികളാണ് ഇത്തരത്തിൽ സുരക്ഷിതമായി മന്ത്രാലയത്തെ സമീപിച്ച് പ്രശ്നപരിഹാരം തേടിയത്. പരാതിക്കാരുടെ തൊഴിലിന് യാതൊരു തടസ്സവും ഉണ്ടാകാത്ത വിധത്തിൽ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചുകൊണ്ടായിരിക്കും അധികൃതരുടെ ഇടപെടൽ. ചൂഷണങ്ങൾ നേരിടേണ്ടി വന്നാൽ ഒട്ടും മടിക്കാതെ ധൈര്യപൂർവ്വം പരാതിയുമായി മുന്നോട്ട് വരണമെന്ന് മന്ത്രാലയം തൊഴിലാളികളോട് ആഹ്വാനം ചെയ്തു. തൊഴിലാളികൾക്ക് മാത്രമല്ല, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചോ ചൂഷണത്തിന് ഇരയായോ ആരെങ്കിലും ജോലി ചെയ്യുന്നത് കണ്ടാൽ പൊതുസമൂഹത്തിനും വിവരം അറിയിക്കാം.  മികച്ച തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിലൂടെ പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുകയാണ്  നടപടിയിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്

ENGLISH SUMMARY:

UAE labor complaints system allows workers to report issues in their native language. This new initiative by the UAE Ministry of Human Resources and Emiratisation protects expatriate workers by ensuring a confidential and accessible platform for lodging complaints and addressing labor exploitation.