Image: x.com/IranNuances
ഒമാന്‍ കടലിടുക്കില്‍ വച്ച് ഇറാന്‍റെ വ്യോമസേന ഹെലികോപ്റ്ററും യുഎസ് യുദ്ധക്കപ്പലും നേര്‍ക്കുനേര്‍ വന്നെന്ന് റിപ്പോര്‍ട്ട്. ഇറാന്‍റെ സമുദ്രാതിര്‍ത്തിക്ക് മേല്‍ മനപ്പൂര്‍വം കടന്നുകയറാന്‍ യുഎസ് ശ്രമിച്ചതാണെന്ന് ടെഹ്റാന്‍ ആരോപിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ പത്തുമണിയോടെയായിരുന്നു സംഭവമെന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യുഎസ്–ഇറാന്‍ സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്. യുഎസ്എസ് ഫിറ്റ്സ്ജെറാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് പ്രകോപനപരമായ നീക്കം നടത്തിയതെന്നും ഇറാന്‍റെ സമുദ്രഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമിച്ചതെന്നും ഇറാന്‍ ആരോപിച്ചു.
കടലില്‍ അസാധാരണ സാഹചര്യമുണ്ടായതിന് പിന്നാലെ സീ കിങ് ഹെലികോപ്ടര്‍ എത്തിയെന്നും റേഡിയോ വഴി കടുത്ത മുന്നറിയിപ്പ് നല്‍കിയെന്നും ഇറാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. യുദ്ധക്കപ്പലിന് തൊട്ടടുത്തായി ഹെലികോപ്ടര്‍ നിലയുറപ്പിച്ചതിന്‍റെ ചിത്രങ്ങളും ഇറാന്‍ പുറത്തുവിട്ടു. കപ്പലിന്‍റെ ഗതി മാറ്റണമെന്നാണ് ഇറാന്‍ വ്യോമസേന കോപ്റ്റര്‍ യുഎസ് യുദ്ധക്കപ്പലിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ പ്രകോപനപരമായ മറുപടിയാണ് യുഎസ് യുദ്ധക്കപ്പലില്‍ നിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെലികോപ്റ്റര്‍ തിരികെ പോയില്ലെങ്കില്‍ ആക്രമിക്കുമെന്ന് കപ്പലില്‍ നിന്ന് പറഞ്ഞുവെന്നും ഇറാന്‍ പറയുന്നു. ഇതോടെ പൈലറ്റ് മുന്നറിയിപ്പ് ആവര്‍ത്തിച്ചുവെന്നും പിന്നാലെ കപ്പല്‍ മടങ്ങിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ ഇറാന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് യുഎസ് പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷിതവും തീര്‍ത്തും പ്രഫഷനലുമായ സംസാരമായ ആശയവിനിമയമാണ് ഉണ്ടായതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് പ്രതികരിച്ചു. ആശയവിനിമയം യുഎസ്എസ് ഫിറ്റ്സ്ജെറാള്‍ഡിന്‍റെ ദൗത്യത്തെ ബാധിച്ചില്ലെന്നും ഇറാന്‍ വ്യാജവാര്‍ത്ത പരത്തുകയാണെന്നും യുഎസ് കൂട്ടിച്ചേര്‍ത്തു. രാജ്യാന്തര അതിര്‍ത്തിയില്‍ വച്ചാണ് പ്രസ്തുത സംഭവം ഉണ്ടായതെന്നും ഇറാന്‍റെ അതിര്‍ത്തിയിലേക്ക് കടന്നുകയറിയിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി.
അതേസമയം, ഇറാനിലേക്ക് കടന്നുകയറി ആണവകേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതിന് ശേഷം യുഎസ് വീണ്ടും ഇടപെടലുകള്‍ക്ക് ശ്രമിക്കുന്നത് രാജ്യാന്തരതലത്തില്‍ ചര്‍ച്ചയാവുകയാണ്. ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് യുഎസ് ആവശ്യം ആവര്‍ത്തിക്കുമ്പോള്‍ രാജ്യപുരോഗതിക്കായുള്ള യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്ന നിലപാടിലാണ് ഇറാന്‍.