സൗദി അറേബ്യയില്‍ വേനല്‍ കനത്തതോടെ വിനോദ സഞ്ചാര കേന്ദ്രമായ തായിഫിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹം. 'വേനല്‍ക്കാല റിസോര്‍ട്ടുകളുടെ വധു' എന്നാണ് തായിഫ് അറിയപ്പെടുന്നത്. ശീതകാലാവസ്ഥയാണ് സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.
വര്‍ഷം മുഴുവന്‍ മിതശീത കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണ് തായിഫ്. കേബിള്‍ കാറും ട്രക്കിംഗിഗും മലകയറ്റവും ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരുന്ന നിരവധി സംവിധാനങ്ങള്‍ അല്‍ ഹദ താഴ്‌വരയില്‍ ഒരുക്കിയിട്ടുണ്ട്. അല്‍ ഷഫ വെള്ളച്ചാട്ടമാണ് മറ്റൊരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രം. സറവത് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഷഫയിലെ മൂടല്‍മഞ്ഞും പഴവര്‍ഗ കൃഷിയും അതിശയകരമായ കാഴ്ചയാണ്.
തിഹാമ സമതലങ്ങളുടെ ഫലഭൂയിഷ്ഠമായ താഴ്‌വരകളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകും. റോസ് കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാനും ഫലവര്‍ഗങ്ങളും പച്ചക്കറികളും തോട്ടങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങാനും തായിഫിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. അടുത്ത മാസം സൂഖ് ഒകാസ് ഫെസ്റ്റ്, ക്രൗണ്‍ പ്രിന്‍സ് ക്യാമല്‍ ഫെസ്റ്റ് എന്നിവയ്ക്കു തായിഫ് വേദിയാകും. ഇതേടെ ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കു പുറമെ രാജ്യാന്തര സഞ്ചാരികളെയും സ്വീകരിക്കാനുളള ഒരുക്കത്തിലാണ് തായിഫ്.