സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സൗദി അറേബ്യയിൽ വിദേശ താമസക്കാർക്ക് മദ്യം ലഭ്യമാക്കുന്നതിനുള്ള നിയമ പരിഷ്കരവുമായി ഭരണകൂടം . രാജ്യത്തെ എണ്ണയിതര വരുമാനം വർധിപ്പിക്കുക, വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുക എന്നീ ലക്ഷ്യത്തോടെയാണ് സുപ്രധാന നീക്കം. ഇസ്ലാം മതവിശ്വാസികൾ അല്ലാത്തവർക്ക് മാത്രമാണ് പുതിയ ഇളവ് ലഭിക്കുക.
മദ്യം വാങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പ്രതിമാസം 50,000 സൗദി റിയാലോ അതിൽ കൂടുതലോ വരുമാനം നിർബന്ധമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരും ഉയർന്ന വരുമാനമുള്ളവരുമായ വിദേശീയരെ ആകർഷിക്കുന്നതിനാണ് ഈ വരുമാനപരിധി നിശ്ചയിച്ചിട്ടുള്ളത്. അയൽരാജ്യങ്ങളായ യുഎഇ,ബഹ്‌റൈൻ എന്നിവിടങ്ങളിലെ മദ്യവിൽപനയിലൂടെയുള്ള വലിയ വരുമാനം സൗദിയും ലക്ഷ്യമിടുന്നു. എണ്ണ സമ്പത്തിൽ മാത്രം ഊന്നൽ നൽകാതെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള വിഷൻ 2030ന്റെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകിയതിന് പിന്നാലെയുള്ള മറ്റൊരു വലിയ സാമൂഹിക പരിഷ്കരണമാണിത്. 2034-ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി സാമ്പത്തിക നേട്ടം കൈവരിക്കാനും സൗദി ശ്രമിക്കുന്നു. നിയമം രാജ്യത്ത് ഉടൻ നിലവിൽ വരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.