ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇരകളായവര്‍ക്ക് നേരെ ഹമാസ് ലൈംഗികാതിക്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഹമാസിന്‍റെ തടവില്‍ നിന്നും പതിനഞ്ചോളം പേര്‍ ബന്ദികളാക്കപ്പെടുമ്പോള്‍ ലൈംഗികാതിക്രമം അനുഭവിക്കുകയോ കാണുകയോ ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ സത്രീകളും പുരുഷന്മാരും ഉള്‍പ്പെടും.
ഇസ്രായേലി നിയമ, ലിംഗ വിദഗ്ധരുടെ കൂട്ടായ്മ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ക്രൂരകൃത്യം വിവരിക്കുന്നത്. "എ ക്വസ്റ്റ് ഫോർ ജസ്റ്റിസ്" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്, ദൃക്‌സാക്ഷികളുടെ വിവരങ്ങളും ഫോറൻസിക് ഡാറ്റയും മോചിപ്പിക്കപ്പെട്ട ബന്ദികളിൽ നിന്നുള്ള വിവരങ്ങളും ചേര്‍ത്താണ് തയ്യാറാക്കിയിരിക്കുന്നത്.
ഹമാസിന്‍റെ തടവിൽ നിന്ന് രക്ഷപ്പെട്ട 13 സ്ത്രീകളും രണ്ട് പുരുഷന്മാരും ബന്ദികളാക്കപ്പെടുമ്പോൾ ലൈംഗികാതിക്രമം അനുഭവിക്കുകയോ കാണുകയോ ചെയ്തതാണ് വിവരം. മർദനം, തോക്കിന് മുനയിൽ നിന്നുള്ള ലൈംഗികാതിക്രമം, നിർബന്ധിത നഗ്നത, നിർബന്ധിത വിവാഹം എന്ന വ്യാജേനയുള്ള ബലാത്സംഗ ഭീഷണികൾ എന്നിവ ഇവര്‍ നേരിട്ടിട്ടുണ്ട്.
നേരത്തെ യുഎന്‍ അടക്കമുള്ള രാജ്യാന്തര ഏജന്‍സികള്‍ ഹമാസ് ബലാത്സംഗവും ലൈംഗിക പീഡനവും നടത്തിയെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, ഗാസയില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാറിലേക്ക് കടക്കുന്നതായാണ് വിവരം. ഇസ്രയേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുനരാരംഭിച്ചു. ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ തയാറായാൽ ശേഷിക്കുന്ന ബന്ദികളെയും കൈമാറുമെന്ന് ഹമാസ് നേതൃത്വവും അറിയിച്ചു.