Protesters, mainly Houthi supporters, rally in solidarity with Palestinians, in Sanaa, Yemen May 9, 2025. REUTERS/Adel Al Khader
ഇസ്രയേലുമായി സംഘര്‍ഷം തുടര്‍ന്ന് ഹൂതികള്‍. കഴിഞ്ഞാഴ്ച ചെങ്കടലില്‍ ലൈബീരിയന്‍ കൊടിയേന്തിയ ഗ്രീക്ക് കപ്പല്‍ മാജിക് സീസിനെതിരായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തു. തിരിച്ചടിയെന്നോളം ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖങ്ങളും പവര്‍ പ്ലാന്‍റുകളും ഇസ്രയേല്‍ ആക്രമിച്ചു.
മിസൈലുകളും കവചിത ഡ്രോൺ ബോട്ടുകളും ഉൾപ്പെടെയാണ് കപ്പലിനെ അക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ തീപിടിച്ച കപ്പലിനെ മുക്കിയതായി ഹൂതികള്‍ അവകാശപ്പെട്ടു. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറിയിച്ചു. പിന്നാലെ ഇസ്രയേലിന് നേര്‍ക്ക് മിസൈലാക്രമണവും ഉണ്ടായി. ബെൻ ഗുറിയോൺ വിമാനത്താവളം, അഷ്‌ഡോദ്, എലത്ത് തുറമുഖങ്ങൾ, അഷ്‌കെലോണിലെ ഒരു പവർ സ്റ്റേഷന് എന്നിവയാണ് ഹൂതികൾ ലക്ഷ്യമിട്ടത്.മിസൈലുകള്‍ തടഞ്ഞതായും പ്രത്യാക്രമണം നടത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു.
പ്രത്യാക്രമണത്തില്‍ ഹൊദൈദ, റാസ് ഇസ, സാലിഫ് തുറമുഖങ്ങളിലും റാസ് കനാറ്റിബിലെ പവർ പ്ലാന്‍റിലും ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാനിൽ നിന്ന് ആയുധങ്ങൾ കടത്താനും ഇസ്രായേലിനെതിരായ ആക്രമണങ്ങൾ ഏകോപിപ്പിക്കാനും ഹൂതികൾ ഉപയോഗിക്കുന്ന ഇടങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിന്‍റെ വാദം.
2023 ല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിന് പിന്നാലെയാണ് ചെങ്കടലില്‍ ഹൂതികള്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ചെങ്കടലിലൂടെയുള്ള ചരക്കുകപ്പലുകള്‍ക്ക് നേരെ 100 ലധികം ആക്രമണങ്ങളാണ് ഹൂതികള്‍ ഇതുവരെ നടത്തിയത്.