Image: AP
ബെയ്റൂട്ടിൽ ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ കൊലപ്പെടുത്തി. നഗരത്തിന്റെ തെക്കൻ മേഖലയിലെ റെസിഡൻഷ്യൽ കെട്ടിടത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ‘ചീഫ് ഓഫ് സ്റ്റാഫ്’ ആയ ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ തബാതബയി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചതായും 28 പേര്‍ക്ക് പരുക്കേറ്റതായും ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ജനസാന്ദ്രതയേറിയ ഹിസ്ബുല്ല ശക്തികേന്ദ്രമായ ഹാരെറ്റ് ഹ്രെയ്ക്കിലെ ഒമ്പത് നില കെട്ടിടത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലാണ് ആക്രമണം നടന്നതെന്ന് ലെബനന്റെ നാഷണൽ ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടത്തിനുള്‍പ്പെടെ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. മൂന്ന് മിസൈലുകളാണ് ഇസ്രയേല്‍ ബെയ്റൂട്ട് ലക്ഷ്യമാക്കി തൊടുത്തത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഈ ആക്രമണത്തിന് അനുമതി നല്‍കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഹിസ്ബുല്ലയുടെ ശക്തിയും ആയുധസജ്ജീകരണങ്ങളും പ്രഹരശേഷിയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ സ്ഥിരീകരിക്കുന്നു. യുഎസ് ട്രഷറി 2016ൽ ഹിസ്ബുല്ല ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുല്ല സെക്രട്ടറി ജനറൽ നയിം ഖാസെമിന് ശേഷം രണ്ടാമത്തെ പ്രമുഖ നേതാവാണ് തബാതബയി.
ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അത് നടപ്പാക്കുമെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. അതേസമയം ആക്രമണം ഒരു റെഡ് ലൈന്‍ കൂടി കടന്നിരിക്കുന്നുവെന്നാണ് ഹിസ്ബുല്ലയുടെ പ്രതികരണം. 2024 നവംബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇതിനു ശേഷവും ലെബനന്റെ തെക്കും കിഴക്കും ഭാഗങ്ങളില്‍ പലതവണ ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഹിസ്ബുല്ല വ്യക്തമാക്കുന്നത്.