palestine-girl

TOPICS COVERED

വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ തന്‍റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ തിരഞ്ഞ് നടക്കുന്നവരുടെ വിഡിയോകള്‍ ഉള്ളുലക്കുന്നവയാണ്. ഇപ്പോഴിതാ തന്‍റെ മാതാപിതാക്കളെ തിരഞ്ഞ് നടക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് വേദനയായി നില്‍ക്കുന്നത്.

‌പിതാവിനെയും മാതാവിനെയും കുഞ്ഞനിയനേയും തിരഞ്ഞ് പരിക്കേറ്റവർക്ക് ചുറ്റും ഓടിനടക്കുന്ന ദൃശ്യങ്ങൾ അൽജസീറയാണ് പുറത്തുവിട്ടത്. പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കുന്നിടത്തേക്ക് എത്തിയ പെണ്‍കുട്ടി ആദ്യം തിരയുന്നത് തന്‍റെ പിതാവിനെയാണ്. എന്‍റെ വാപ്പയെ കണ്ടോ എന്ന് ചോദിച്ച് കരഞ്ഞുകൊണ്ട് ഓടുകയാണ് പെണ്‍കുട്ടി. ഇതിനിടയില്‍ ചികില്‍സ ലഭിക്കുന്നത് തന്‍റെ പിതാവിനാണെന്ന് മനസിലാക്കിയ കുട്ടി ഞാനിവിടെയുണ്ടെന്ന് പിതാവിനോട് പറയുന്നുണ്ട്. പിതാവ് സുരക്ഷിതനാണെന്ന് ശുശ്രൂഷിക്കുന്നയാള്‍ അറിയിക്കുപ്പോള്‍ തെല്ലാന്ന് പെണ്‍കുട്ടി ആശ്വസിക്കുന്നതും കാണാം. 

ശേഷം തന്‍റെ കുഞ്ഞനിയനെയും അമ്മയെയും തിരഞ്ഞുകൊണ്ട് അവള്‍ ഓടി നടക്കുകയാണ്. എനിക്ക് അമ്മയും അനിയനും ഇല്ലാതെ ജീവിക്കാനാകില്ലെന്നും  അവള്‍ പറയുന്നുണ്ട്. ഇതിനിടയില്‍ വേദന സഹിക്കാനാകാതെ പിടഞ്ഞ് കരയുന്ന കുഞ്ഞിനെ കണ്ട് സഹിക്കാനാകാതെ അവള്‍ അവിടെ നിന്നും ശ്രദ്ധ തിരിക്കുന്നതും കാണാം.