Image Credit: Reuters
ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക ബി2 ബോംബറുകളെ ഇറക്കിയേക്കുമെന്ന് അഭ്യൂഹം. ഇസ്രയേലിലെ അമേരിക്കന്‍ അംബാസിഡര്‍ മൈക്ക് ഹുക്കാബിയാണ് ഹൂതികളെ വരുതിയിലാക്കാന്‍ ബി2 ഇറക്കേണ്ടി വരുമെന്ന ഭീഷണി മുഴക്കിയത്. 'ഇസ്രയേലിന് നേരെയുള്ള മിസൈല്‍ ആക്രമണം അവസാനിച്ചുവെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഹൂതികള്‍ നിര്‍ത്തുന്ന ലക്ഷണമില്ല. ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം ഹൂതി മിസൈലുകളെ നിര്‍വീര്യമാക്കി. 'ഇങ്ങനെയാണെങ്കില്‍ ബി2 യെമനിലേക്കും പറക്കേണ്ടി വരും' എന്നായിരുന്നു മൈക്കിന്‍റെ ഭീഷണി. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെനാണ് ഹൂതി വിമതരുടെ നിലപാട്.
ബി2 വിമാനം അപ്രത്യക്ഷമായതെങ്ങോട്ട്?
ഇറനെ ലക്ഷ്യമിട്ട് അമേരിക്കയില്‍ നിന്ന് പുറപ്പെട്ട ബി2 സ്റ്റെല്‍ത്ത് ബോംബര്‍ സംഘങ്ങളിലൊന്ന് അപ്രത്യക്ഷമെന്ന് റിപ്പോര്‍ട്ട് വന്നതും മൈക്കിന്‍റെ വാദങ്ങള്‍ക്ക് ബലം പകരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷം കനത്തതിന് പിന്നാലെയായായിരുന്നു അമേരിക്ക ബി2 സ്റ്റെല്‍ത്ത് ബോംബര്‍ ഉപയോഗിച്ച് ഇറാനെ ആക്രമിച്ചത്. 'ഓപറേഷന്‍ മിഡ്നൈറ്റ് ഹാമര്‍' എന്ന് അമേരിക്ക വിളിച്ച ഈ ദൗത്യത്തിലൂടെ ഇറാന്‍റെ ആണവനിലയങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
The interception of a missile, that the Israeli military said to have been fired from Yemen, is seen from the city of Ashkelon, Israel, June 3, 2025. REUTERS/Amir Cohen TPX IMAGES OF THE DAY
ജൂണ്‍ 21ന് മിസൗറിയിലെ വൈറ്റ്മാന്‍ വ്യോമത്താവളത്തില്‍ നിന്നും രണ്ട് ഗ്രൂപ്പ് ബി2 ബോംബറുകളാണ് പുറപ്പെട്ടതെന്ന് യുറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ബി2 വിമാനങ്ങള്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ്പ് പശ്ചിമേഷ്യയിലേക്ക് പറക്കുകയും ഇറാനിലെ ഫൊര്‍ദോ, നതാന്‍സ് എന്നിവിടങ്ങളില്‍ ബോംബിടുകയും ചെയ്തു. 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഇറാനില്‍ അമേരിക്ക ഇട്ടത്. എന്നാല്‍ രണ്ടാമത്തെ ബി2 ഗ്രൂപ്പ് പസഫിക് സമുദ്രത്തിന് മുകളിലൂടെ പറന്നുയരുകയും ചെയ്തു. ഇറാനെയും മറ്റ് രാജ്യങ്ങളെയും ആശയക്കുഴപ്പത്തിലാക്കുന്നതിനായാണ് ഇത്തരത്തില്‍ അമേരിക്ക നീങ്ങിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രണ്ട് സംഘങ്ങളും രണ്ട് വശത്തേക്ക് പറന്നതെന്തെന്ന് ചാരക്കണ്ണുകള്‍ ആശങ്കപ്പെട്ടിരിക്കുന്നതിനിടെ 37 മണിക്കൂര്‍ നേരത്തെ ദൗത്യം ഒരു സംഘം നിര്‍വഹിച്ചുവെന്നും തിരികെ വൈറ്റ്മാന്‍ വ്യോമത്താവളത്തിലേക്ക് മടങ്ങിയെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
തന്ത്രമോ അതോ തകരാറോ?
'ആശയക്കുഴപ്പം' സൃഷ്ടിക്കാന്‍ പറന്നുയര്‍ന്ന ബി2 വിമാനം ഹവായില്‍ ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പറക്കലിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നും സുരക്ഷാകാരണങ്ങളാല്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഹോണോലുലുവിലെ ഡാനിയല്‍ കെ. ഇനൂയെ രാജ്യാന്തര വിമാനത്താവളത്തിലാണ് നിലവില്‍ വിമാനമുള്ളതെന്നും ഇത് ഹിക്കം വ്യോമത്താവളവുമായി റണ്‍വേ പങ്കിടുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ വന്നുവെന്നതോ, ഏത് തരത്തിലെ അറ്റകുറ്റപ്പണികളാണ് നടത്തുന്നതെന്നോ ഒന്നും അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. ഇതാദ്യമായല്ല ബി2 സ്റ്റെല്‍ത്ത് വിമാനം ഹവായില്‍ കൊണ്ടിടുന്നത്. 2023 ഏപ്രിലില്‍ ഫ്ലൈറ്റ് നിയന്ത്രണം തകരാറിലായതിന് പിന്നാലെ ബി2 സ്റ്റെല്‍ത്ത് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു. 2022 ല്‍ ബി2 വിമാനങ്ങളിലൊന്ന് തകര്‍ന്ന് വീണതിന് മാസങ്ങള്‍ക്ക് േശഷമായിരുന്നു ഇതെന്നതും ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. റണ്‍വേയില്‍ നിന്ന് പറയുന്നയര്‍ന്നതിന് പിന്നാലെ വിമാനം തീ പിടിച്ച് നശിക്കുകയായിരുന്നു.
രണ്ട് ബില്യണ്‍ ഡോളര്‍ വീതമാണ് ബി2 വിമാനങ്ങള്‍ക്ക് വില വരുന്നത്. ലോകത്തിലേക്കും ഏറ്റവും വിലപിടിപ്പുള്ളതും കാര്യക്ഷമതയും ആഡംബരവുമേറിയ യുദ്ധവിമാനമായാണ് ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ അറിയപ്പെടുന്നത്. ആണവായുധങ്ങളടക്കം വഹിക്കാന്‍ ശേഷിയുള്ള ബി2 അമേരിക്കന്‍ ശേഖരത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുദ്ധവിമാനം കൂടിയാണ്. 19 ബി2 വിമാനങ്ങളാണ് നിലവില്‍ അമേരിക്കയ്ക്ക് ഉള്ളത്. ബി2 ദൗത്യങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതും സങ്കീര്‍ണവുമായതായിരുന്നു അമേരിക്ക ഇറാനില്‍ നടത്തിയ ഓപറേഷന്‍ മിഡ്നൈറ്റ് ഹാമറെന്നാണ് കരുതുന്നത്.