• ‘രക്ഷക്കായി ഡാഡിയുടെ അടുത്തേക്ക് ഓടി’
  • ഇസ്രയേലിനേയും ട്രംപിനേയും ട്രോളി ഇറാന്‍
  • ‘ആരു വിചാരിച്ചാലും ഖമനയിയെ കൊല്ലാനാവില്ല’

 ഇസ്രയേലിനേയും യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിനേയും ഒരുമിച്ച് ട്രോളി ഇറാന്‍. ഇസ്രയേലിന് ഇയാന്‍റെ പ്രത്യാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഡാഡിയുടെ അടുക്കലേക്ക് ഓടുകയല്ലാതെ വഴിയുണ്ടായിരുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിക്ക് സംഭവിക്കുമായിരുന്ന നീചവും അപമാനകരവുമായ ഒരു മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് താനാണെന്ന ട്രംപിന്‍റെ അവകാശവാദമാണ് ഇറാനെ ചൊടിപ്പിച്ചത്. അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ പരമോന്നത നേതാവിനെക്കുറിച്ചുള്ള ഇത്തരം ഗീര്‍വാണങ്ങള്‍ നിര്‍ത്തണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു .

എല്ലാവരുടേയും രക്ഷകനെന്ന് സ്വയം പറയുന്ന ഡോണല്‍ഡ് ട്രംപിന് ഡാഡിയെന്നൊു ചെല്ലപ്പേരും വീണിട്ടുണ്ട് . ട്രംപിനെ ഡാഡിയെന്ന് വിശേഷിപ്പിച്ചാണ് ഇറാന്‍റെ പരിഹാസവും. ഞങ്ങളുടെ മിസൈല്‍ വര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇസ്രയേലിന് ഡാഡിയുടെ പക്കലേക്ക് ഓടുകയല്ലാതെ വഴിയില്ലായിരുന്നുവെന്ന് അരാഗ്ച്ചി പറയുന്നു. സമാധാന ഉടമ്പടി വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന്‍റെ പരമോന്നതനേതാവിനെ ബഹുമാനിക്കണം, ദശലക്ഷക്കണക്കിനാളുകള്‍ ബഹുമാനത്തോടെ കാണുന്ന അദ്ദേഹത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു.

‘ഡാഡിയുടെ പക്കലേക്ക് ഓടി’

എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അരാഗ്ച്ചി തന്‍റെ നിലപാട് വ്യക്തമാക്കിയത്. ‘ഇറാനിലെ അഭിമാനമുള്ള ജനതയുടെ ശക്തി ഇക്കഴിഞ്ഞ ദിവസങ്ങളിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തു, തോല്‍വി ഭയന്ന ഇസ്രയേല്‍ ഡാഡിയുടെ അടുത്തേക്ക് ഓടി, ഭീഷണിയും അപമാനവും സഹിക്കാനാവില്ലെന്നും, ബഹുമാനത്തോടെ പെരുമാറണം എന്നുമായിരുന്നു അരാഗ്ച്ചിയുടെ വാക്കുകള്‍. ജൂണ്‍ 13ന് ആരംഭിച്ച ഇസ്രയേല്‍–ഇറാന്‍ യുദ്ധവേളയില്‍ പന്ത്രണ്ടാം ദിവസം അമേരിക്കയും ഒപ്പം ചേരുകയായിരുന്നു. ഇറാന്‍റെ മൂന്ന് ആണവോര്‍ജ കേന്ദ്രങ്ങളില്‍ യുഎസ് മിസൈല്‍ ആക്രമണം നടത്തി. ‘ഖമനയി എവിടെയായിരുന്നുവെന്ന് എനിക്കറിയാം, ഇസ്രയേലോ ട്രംപോ അമേരിക്കയോ വിചാരിച്ചാല്‍ ഒന്നും നടക്കില്ല, അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ ഈ രാജ്യങ്ങളെയൊന്നും അനുവദിക്കില്ലെന്നും അരാഗ്ച്ചി എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

Iran trolls both Israel and U.S. President Donald Trump together. Iranian Deputy Foreign Minister Abbas Araghchi said that Israel had no option but to run to its “Daddy” to escape Iran’s counterattack. It was Trump’s claim—that he saved Iran’s Supreme Leader Ayatollah Ali Khamenei from an ugly and ignominious death—that provoked Iran’s anger.