ഷഹീന്‍ III. (ഫയല്‍ ചിത്രം)

ഷഹീന്‍ III. (ഫയല്‍ ചിത്രം)

യുഎസിനെ വരെ ലക്ഷ്യമിടാന്‍ സാധിക്കുന്ന ഭൂഖണ്ഡാനന്തര ബലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ സൈന്യം രഹസ്യമായി നിര്‍മിക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്. ഇത്തരമൊരു മിസൈല്‍ നിര്‍മിച്ചാല്‍ പാക്കിസ്ഥാനെ ആണവ എതിരാളിയായി കണക്കാക്കേണ്ടി വരുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്‍ ചൈനീസ് സഹകരണത്തോടെ സ്വന്തം ആയുധങ്ങള്‍ ശക്തിപ്പെടുത്തുയാണ്. 

ആണവായുധങ്ങള്‍ കൈവശം വച്ച് യു.എസിനെ എതിര്‍ക്കുന്ന രാജ്യങ്ങളെയാണ്  രാജ്യം ആണവ എതിരാളികളായി കണക്കാക്കുന്നത്. 

നിലവില്‍ റഷ്യ, ചൈന, നോര്‍ത്ത് കൊറിയ എന്നിവരാണ് യുഎസിന്‍റെ ആണവ എതിരാളികള്‍. യുഎസിനെ ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈല്‍ പാക്കിസഥാന്‍ വികസിപ്പിച്ചാല്‍ ഇവരെ ആണവ എതിരാളിയായി കണക്കാക്കേണ്ടി വരും. യുഎസിനെ നേരിടാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈലുള്ള ഒരു രാജ്യത്തെയും സൗഹൃദ രാജ്യമായി കാണാനാകില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഫോറിന്‍ അഫയേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയെ തടഞ്ഞുനിര്‍ത്തുന്നതാനായാണ് ആണവ പദ്ധിയെന്നാണ് പാക്കിസ്ഥാന്‍ എപ്പോഴും അവകാശപ്പെടുന്നത്. അതിനാല്‍ ഹ്രസ്വദൂര, ഇടത്തരം മിസൈലുകളാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരുന്നത്. ആണവ വാര്‍ഹെഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് 5,500 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങളെ നേരിടാനാകും. നിലവില്‍ പാക്കിസ്ഥാന്‍റെ ശേഖരത്തില്‍ ഇത്തരമൊരു മിസൈലില്ല. 2022 ല്‍ 2,700 കിലോമീറ്റര്‍ ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഷഹീന്‍3 പാക്കിസ്ഥാന്‍ പരീക്ഷിച്ചിരുന്നു. ഇതോടെ മിക്ക ഇന്ത്യന്‍ നഗരങ്ങളും പാക്കിസ്ഥാന്‍ മിസൈലിന്‍റെ പരിധിലായിരുന്നു.  

തങ്ങളുടെ ആണവ നിലയങ്ങളെ യുഎസ് ലക്ഷ്യമിടുന്നത് തടയാനും ഇന്ത്യ–പാക്ക് സംഘര്‍ഷത്തില്‍ യുഎസ് ഇന്ത്യയുടെ പക്ഷം ചേരുന്നത് തടയാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പാക്കിസ്ഥാന്‍ ഭൂഖണ്ഡാനന്തര മിസൈല്‍ നിര്‍മിക്കുന്നതെന്നാണ് വിവരം. പാക്കിസ്ഥാന്‍റെ ഭൂഖണ്ഡാനന്തര മിസൈല്‍ പദ്ധതിക്കെതിരെ കഴിഞ്ഞ വര്‍ഷം യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 

മിസൈൽ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ ഏജൻസിയായ നാഷണൽ ഡെവലപ്‌മെന്‍റ് കോംപ്ലക്‌സിനും മറ്റ് മൂന്ന് സ്ഥാപനങ്ങൾക്കും എതിരെയായിരുന്നു ഉപരോധം. ഇവയുടെ യുഎസ് ആസ്തികള്‍ മരവിപ്പിക്കാനും അമേരിക്കന്‍ കമ്പനികള്‍ ഇവരുമായി വ്യാപാരം ചെയ്യുന്നത് വിലക്കുന്നതുമായിരുന്നു ഉപരോധം. പക്ഷപാതപരം എന്നായിരുന്നു ഇതിനോടുള്ള പാക്ക് പ്രതികരണം, നിലവില്‍ 170 ആണവ വാര്‍ഹെഡുകള്‍ പാക്കിസ്ഥാനുണ്ടെന്നാണ് വിവരം.

ENGLISH SUMMARY:

US intelligence reports suggest Pakistan is secretly building intercontinental ballistic missiles capable of reaching the US. Learn how this development could elevate Pakistan to a new nuclear rival and its implications for global security.