Image: AFP

ഇന്ത്യ– പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദത്തിന് പിന്നാലെ ഇറാന്‍–ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയിലും ക്രെഡിറ്റ് അവകാശപ്പെട്ട് യുഎസ് പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപ്. 12 ദിവസത്തെ യുദ്ധം അവസാനിക്കാന്‍ കാരണക്കാരന്‍ താന്‍ മാത്രമാണെന്നും സമാധാനം ഉണ്ടാക്കിയത് തന്‍റെ കഴിവാണെന്നും ട്രംപ് വെളിപ്പെടുത്തുന്നു. ട്രൂത്ത് സോഷ്യലിലൂടെയാണ് പുതിയ വാദം. യുഎസ് മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെ ലോകമാണ് ജയിച്ചതെന്നും ട്രംപ് കുറിച്ചു. Also Read: ട്രംപിന്‍റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ബാഗ്ദാദിലെ സൈനിക ക്യാംപില്‍ സ്ഫോടനം

A map showing the Strait of Hormuz and Iran is seen behind a 3D printed miniature of U.S. President Donald Trump in this illustration taken June 22, 2025. REUTERS/Dado Ruvic/Illustration

'ഇസ്രയേലും ഇറാനും എന്‍റെ അടുക്കലേക്ക് വന്നു. ഏറെക്കുറെ ഒരേ സമയത്താണ് ഇരുവരും സമീപിച്ചത്. സമാധാനം വേണമെന്നായിരുന്നു ആവശ്യം. ഇത് സമാധാനത്തിന്‍റെ സമയമാണെന്ന് എനിക്കും അറിയാമായിരുന്നു. ലോകവും, മധ്യപൂര്‍വേഷ്യയുമാണ് ഇതിലെ യഥാര്‍ഥ വിജയികള്‍– ട്രംപ് കുറിച്ചു. ഇരു രാജ്യങ്ങളിലും സ്നേഹവും സമാധാനവും അഭിവൃദ്ധിയും ഭാവിയില്‍ ഉണ്ടാകട്ടെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'അവര്‍ക്കൊരുപാട് നേടാനുണ്ട്. നീതിയുടെയും സത്യത്തിന്‍റെയും പാതയില്‍ നിന്ന്  വ്യതിചലിച്ചാല്‍ ഒരുപാട് നഷ്ടപ്പെടാനും. അനന്ത സാധ്യതകളാണ് ഇസ്രയേലിനും ഇറാനും മുന്നിലുള്ളത്'- ട്രംപ് കുറിപ്പില്‍ പറയുന്നു.  Read More: 'ഞങ്ങള്‍ അത് ചെയ്യു'മെന്ന് ഇറാന്‍

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്നും സമാധാനം കൊണ്ടുവരണമെന്നും യുഎസ് പ്രസിഡന്‍റ് കേണപേക്ഷിച്ചുവെന്നാണ് ഇറാന്‍റെ വെളിപ്പെടുത്തല്‍. ഇസ്രയേലിന് മേലാണ് വെടിനിര്‍ത്തല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ വിജയകരമായ ആക്രമണം ഇറാന്‍ നടത്തിയതോടെയാണ് ഇസ്രയേലിന് മേല്‍ സമ്മര്‍ദമേറിയത്. ഖത്തറില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ട്രംപ് തങ്ങളെ ബന്ധപ്പെട്ടുവെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്താന്‍ തയ്യാറാകണമെന്ന് അപേക്ഷിക്കുകയുമായിരുന്നുവെന്ന് ഇറാന്‍ ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു. Read More: അടി, തിരിച്ചടി, സമാധാനം; വെടിനിര്‍ത്തലിന് പിന്നാലെ എണ്ണയും സ്വര്‍ണവും താഴേക്ക്

Interceptor missiles are fired, after Iran's armed forces say they targeted the Al-Udeid base in a missile attack, as seen from Doha, Qatar, June 23, 2025. REUTERS/Stringer TPX IMAGES OF THE DAY

12ദിവസത്തെ യുദ്ധം അവസാനിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിച്ചേര്‍ന്നതായും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് ലോകത്തെ അറിയിച്ചത്. ആറുമണിക്കൂറിനുള്ളില്‍ ഇറാന്‍ വെടി നിര്‍ത്തുമെന്നും അത് 12 മണിക്കൂര്‍ ആകുന്നതോടെ ഇസ്രയേലും വെടിനിര്‍ത്തലില്‍ പങ്കാളിയാകുമെന്നും ഇതോടെ യുദ്ധം അവസാനിക്കുമെന്നുമാണ് ട്രംപ് കുറിച്ചത്. യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്ത ഇരു രാജ്യങ്ങളുടെയും ധൈര്യത്തെയും കരുത്തിനെയും താന്‍ അഭിനന്ദിക്കുന്നുവെന്നും യുഎസ് പ്രസിഡന്‍റ് വിശദീകരിച്ചിരുന്നു. 

ENGLISH SUMMARY:

US President Donald Trump claimed sole credit for ending the 12-day Israel-Iran conflict, stating on Truth Social that both nations approached him for peace. However, Iran countered, alleging the US "begged" for a ceasefire, which was imposed on Israel.