ഇസ്രയേല്‍– ഇറാന്‍ വെടിനിര്‍ത്തല്‍ എന്ന ഡൊണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സൈനിക ക്യാംപില്‍ സ്ഫോടനം. വടക്കന്‍ ബാഗ്ദാദിലെ തജി ക്യാംപിന് നേരെ ഡ്രോണ്‍ ആക്രമണമാണ് നടന്നത്. നാശനഷ്ടങ്ങളില്ലെന്നാണ് ഇറാഖ് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ൈസനിക ക്യാംപിലെ റഡാര്‍ സംവിധാനത്തില്‍ ഡ്രോണ്‍ പതിച്ചതായും കേടുപാടുകളുണ്ടായതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു. എക്സില്‍ പ്രചരിക്കുന്ന വിഡിയോയില്‍ സൈനിക കേന്ദ്രത്തിന് തീപിടിച്ചതായി കാണാം. 2020-ൽ യുഎസിന്‍റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേന സൈനിക താവളത്തിൽ നിന്ന് പിൻവാങ്ങുകയും ക്യാംപ് ഇറാഖി സുരക്ഷാ സേനയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. 2,000 ത്തോളം സൈനികരെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന ക്യാംപാണിത്. യുഎസ് സൈനികരെ പിൻവലിക്കുന്നതിന് മാസങ്ങൾക്ക് മുന്‍പ് സൈനികരെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഭീകരര്‍ കേന്ദ്രത്തിലേക്ക് നിരന്തരം റോക്കറ്റ് ആക്രമണങ്ങൾ നടത്തിയിരുന്നു.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പടിഞ്ഞാറ് 10 കിലോമീറ്റർ അകലെയുള്ള റദ്വാനിയ ജില്ലയിലാണ് മറ്റൊരു ഡ്രോൺ വീണത്. ജിഹാദി വിരുദ്ധ സഖ്യത്തിന്‍റെ ഭാഗമായി യുഎസ് സൈനിക ക്യാംപുള്ള മേഖലയാണിത്. തിങ്കളാഴ്ച രാത്രി ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിനൊപ്പം പടിഞ്ഞാറന്‍ ഇറാഖിലെ അല്‍ ഐന്‍ അസദ് വ്യോമതാവളവും ഇറാന്‍ ആക്രമിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം യുഎസ് നിഷേധിച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് ഇറാന്‍ ഖത്തറിലെ യുഎസ് സൈനിക ക്യാംപായ അൽ ഉദെയ്ദ് എയർ ബേസ് ഹ്രസ്വ-ദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചത്. 14 മിസൈലുകള്‍ ഇറാന്‍ ദോഹയിലേക്ക് അയച്ചെന്നും ഇതില്‍ 13 എണ്ണത്തെ ആകാശത്തു വച്ച് പ്രതിരോധിച്ചെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിരുന്നു ഇറാന്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ട്രംപ് അറിയിച്ചത്.