പശ്ചിമേഷ്യന്‍ യുദ്ധം മൂലം ലോകം മുഴുവന്‍ നേരിടുന്ന ഊര്‍ജ പ്രതിസന്ധികള്‍ക്കിടയില്‍ ഇറാന്‍റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് (Kharg Island) പിടിച്ചെടുക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഗൾഫ് മേഖലയിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തുകയും ടാങ്കറുകൾ കുടുങ്ങിക്കിടക്കുകയും ചെയ്താൽ ഖാർഗ് ദ്വീപിലെ ഇറാന്‍റെ അതിപ്രധാന എണ്ണ സംഭരണകേന്ദ്രം പിടിച്ചെടുക്കാൻ ട്രംപ് ഉത്തരവിട്ടേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) ആണ് റിപ്പോർട്ട് ചെയ്തത്.
ഇറാനിലെ സവിശേഷ സ്വത്തായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നത് ഇറാൻ ഭരണകൂടത്തിന് കനത്ത സാമ്പത്തിക പ്രഹരം ആയേക്കുമെന്നാണ് യുഎസ് കരുതുന്നത്. ടെഹ്റാനിലേക്കുള്ള അസംസ്കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തോളം ഈ ദ്വീപ് വഴിയാണ് എന്നതിനാല്‍ ഖാര്‍ഗ് പിടിച്ചെടുത്താല്‍ ടെഹ്‌റാനിലേക്കുള്ള ഫണ്ട് പൂർണ്ണമായും തടയാൻ സഹായിക്കുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഖാര്‍ഗിനുനേര്‍ക്കുള്ള നീക്കവുമായി അമേരിക്ക മുന്നോട്ടുപോയാല്‍ അതോടെ നേര്‍ക്കുനേരെയുള്ള യുദ്ധത്തിന് ഇറങ്ങേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ മുന്നറിയിപ്പ്. സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ എണ്ണ സൗകര്യങ്ങൾക്കും പൈപ്പ് ലൈനുകൾക്കും നേരെ ഇറാന്‍റെ പ്രത്യാക്രമണത്തിന് അത് വഴിയൊരുക്കിയേക്കും.
എന്നാൽ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ഇസ്രായേൽ നിലവിൽ ഇറാനിൽ നേരിട്ടുള്ള സൈനിക അധിനിവേശത്തിന് താല്പര്യപ്പെടുന്നില്ല. വാഷിങ്ടണോ ജെറുസലേമോ ഇറാനെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. സൈനിക അധിനിവേശം എന്നതിലുപരി ജനകീയ സമ്മർദ്ദത്തിലൂടെ ഇറാനിൽ മാറ്റം കൊണ്ടുവരാനാണ് യുഎസ്-ഇസ്രായേൽ സഖ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖലയിലെ ഇടുങ്ങിയ കടലിടുക്കിൽ (Strait of Hormuz) ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലോകത്തെ അസംസ്‌കൃത എണ്ണ വിതരണത്തിന്‍റെ വലിയൊരു ഭാഗം തടസ്സപ്പെടുത്തുകയും ആഗോളതലത്തിൽ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തിരിക്കുകയാണ്. ഈ ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം ഗൾഫിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്നും, അമേരിക്കൻ പ്രസിഡന്‍റ് ആഗ്രഹിച്ചാൽ പോലും ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നും 'ആക്സിയോസ്' റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ വര്‍ധിച്ചുവരുന്ന എണ്ണവില കണക്കിലെടുത്ത് ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി വിവിധ രാജ്യങ്ങളുടെ ഒരു സഖ്യം രൂപീകരിക്കാൻ ശ്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഈ ആഴ്ച അവസാനം ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, പേർഷ്യൻ ഗൾഫ് തീരത്തെയും ഖാർഗ് ദ്വീപിലെയും ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച, ദ്വീപിലെ എണ്ണ സൗകര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്താൻ താൻ ഉത്തരവിട്ടതായി ട്രംപ് പറഞ്ഞു. ഇനിയും ചിലപ്പോൾ അവിടെ ആക്രമണം നടത്തിയേക്കാമെന്ന് തൊട്ടടുത്ത ദിവസം ട്രംപ് എൻബിസി ചാനലിനോടും വെളിപ്പെടുത്തി.
അതേസമയം ഇറാനോടുള്ള കർക്കശ നിലപാടുകാരനായ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം, ഖാർഗ് ദ്വീപിലേക്ക് യുദ്ധം വ്യാപിപ്പിക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തെ അഭിനന്ദിച്ചു. ഈ എണ്ണ കേന്ദ്രത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടാൽ ഇറാന്‍റെ സമ്പദ്‌വ്യവസ്ഥ തകരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഖാർഗ് ദ്വീപ് നിയന്ത്രിക്കുന്നവൻ ഈ യുദ്ധത്തിന്‍റെ വിധി നിശ്ചയിക്കും’ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.