കൊല്ലപ്പെട്ടെന്ന വാര്‍ത്തകളെ തള്ളിയാണ് ഇന്നലെ കോഫി ഷോപ്പില്‍ നിന്നുള്ള വിഡിയോയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു എത്തിയത്. ആറു വിരലുകള്‍ എന്ന വാദത്തെ തള്ളി കൈവിരലുകള്‍ ഉയര്‍ത്തി കാട്ടി കോഫി ഓര്‍ഡര്‍ ചെയ്യുന്ന വിഡിയോയായിരുന്നു നെതന്യാഹു എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയതത്. എന്നാല്‍ പുതിയ വിഡിയോയ ഡീപ്പ് ഫെയ്ക്ക് ഉപയോഗിച്ച് നിര്‍മിച്ചതാണെന്നാണ് വാദം. നെതന്യാഹുവിന്‍റെ വിഡിയോ എഐ നിര്‍മിതാണെന്നാണ് എക്സിന്‍റെ എഐ ചാറ്റ് ബോട്ടായ ഗ്രോക്ക് നല്‍കുന്ന വിശദീകരണം.
റോഡരികിലെ കോഫി ഷോപ്പില്‍ നിന്നും ഓര്‍ഡര്‍ ചെയ്യുന്ന വിഡിയോയാണ് നെതന്യാഹു പങ്കുവച്ചത്. 'അവർ പറയുന്നത് ഞാൻ എന്തായെന്നാണ്?' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്. 'നിങ്ങൾക്ക് എന്റെ വിരലുകൾ എണ്ണണോ? ദാ ഇവിടെ കാണാം' എന്ന് നെതന്യാഹു വിഡിയോയില്‍ പരിഹസിക്കുന്നു. ഹിബ്രു ഭാഷയിലുള്ള വിഡോയിയില്‍ കൈ ഉയര്‍ത്തി വിരലുകള്‍ കാണിക്കുന്നത് കാണാം. ജറുസലേമിലെ സതാഫ് കഫേയില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചത്.
വിഡിയോ എഐ നിര്‍മിതമാണെന്നാണ് ഗ്രോക്ക് പറയുന്നത്. നെതന്യാഹുവിന്‍റെ കോഫി ഷോപ്പില്‍ നിന്നുള്ള വിഡിയോ ഡീപ്ഫേക്ക് ആണെന്നും ഇത് റിലീസ് ചെയ്യാത്തൊരു എഐ നിര്‍മിതമാണെന്നും ഗ്രോക്ക് അവകാശപ്പെടുന്നു. ഇതോടെ പല എക്സ് യൂസേഴ്സും വിഡിയോ വിശകലനം ചെയ്യുന്നുണ്ട്.
കപ്പിലെ കോഫി ഗുരുത്വകര്‍ഷണത്തെ വെല്ലുവിളിക്കുന്ന രീതിയിലാണെന്നും കൗണ്ടറിന് പിന്നില്‍ മാസ്കിട്ട ഉപഭോക്താവ് നില്‍ക്കുന്നത് കാണാമെന്നും മറ്റൊരാള്‍ എക്സില്‍ കുറിച്ചു. വിഡിയോയുടെ ക്ലോസ് ഷോട്ടുകള്‍ നല്‍കിയാണ് ഈ കണ്ടെത്തലുകള്‍. കാപ്പിയിലേക്ക് നോക്കിയ ശേഷം നെതന്യാഹുവിന്റെ മുഖം മാറുന്നു എന്നാണ് മറ്റൊരു അവകാശവാദം. ആദ്യം വൃത്താകൃതിയിലായിരുന്ന മുഖം പിന്നീട് ഓവൽ ആകൃതിയിലേക്ക് മാറിയെന്നും ഇത് എഐ ആണെന്നും മറ്റൊരാള്‍ അവകാശപ്പെടുന്നു.
എല്ലാ കിംവദന്തികളെയും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളികളഞ്ഞു. ഈ വാദങ്ങള്‍ വ്യാജമാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. നെതന്യാഹുവിന്‍റെ വിഡിയോയിലുള്ള ജറുസലേമിലെ സതാഫ് കഫേ തങ്ങളുടെ എക്സ് അക്കൗണ്ടില്‍ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.