ഇസ്രയേല്‍–ഇറാന്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ ഉടന്‍ നിലവില്‍ വരുമെന്നും 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ്. വെടിനിര്‍ത്തല്‍ കരാറിന് തയാറായ ഇസ്രയേലിനെയും ഇറാനെയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തോട് ഇരുരാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കീഴടങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി നേരത്തെ വ്യക്തമാക്കി. ഇറാന്‍ കീഴടങ്ങുന്ന രാജ്യമല്ല. ഇറാന്റെ ചരിത്രം അറിയുന്നവര്‍ക്ക് അതറിയാമെന്നും ഇറാനിലെ യുഎസ് ആക്രമണത്തിന് ശേഷമുളള ആദ്യ പ്രതികരണത്തില്‍ ഖമനയി പറഞ്ഞു.
ഇറാൻ ഖത്തറിലെ യുഎസ് താവളം ആക്രമിച്ചതിന് പിന്നാലെ എയർ ഇന്ത്യ ഗൾഫ് രാജ്യങ്ങളിലേക്കും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി. മദ്ധ്യേഷ്യ, നോർത്ത് അമേരിക്കയുടെയും യൂറോപ്പിന്റെയും ഈസ്റ്റ് കോസ്റ്റ് മേഖലയിലേക്കുള്ള സർവീസുകളാണ് പൂർണമായി നിർത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ സർവീസ് നടത്തില്ല. നോർത്ത് അമേരിക്കയിൽനിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് തീരുമാനമെന്നും നിലവിലെ സാഹചര്യം വിമാന കമ്പനികളുടെ നിയന്ത്രണങ്ങൾക്ക് അപ്പുറത്താണെന്നും എയർ ഇന്ത്യ അറിയിച്ചു. നിരവധി രാജ്യാന്തര സർവീസുകൾ റദ്ദാക്കിയെന്നും ചിലത് വഴിതിരിച്ചുവിട്ടെന്ന് ഇൻഡിഗോയും അറിയിച്ചു. സ്‌പൈസ് ജെറ്റ്, ആകാശ് എയർ എന്നീ വിമാന കമ്പനികളും ചില സർവീസ് റദ്ദാക്കിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ നൂറിലേറെ പ്രവാസികൾ കുടുങ്ങി .പല വിമാനങ്ങളുടെയും യാത്ര അനിശ്ചിതത്വത്തിലയത്തോടെ ആറ് മണിക്കൂറിലേറെയാണ് പലരും കാത്തിരുന്നത്. ഇന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരടക്കം കൂട്ടത്തിലുണ്ടായിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള ഗൾഫ് രാജ്യങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ് ഇന്ത്യ. ഖത്തറിലേക്ക്, ഇറാൻ മിസൈൽ അയച്ചതിന് പിന്നാലെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. പൗരന്മാർ ഇന്ത്യൻ എംബസികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കണം. ഓരോ രാജ്യങ്ങളിലെയും ഭരണകൂടം അറിയിക്കുന്ന കാര്യങ്ങൾ പാലിക്കണം.
നിലവിൽ ഖത്തറിലേയും ബഹ്‌റൈനിലെയും പൗരന്മാർക്ക് മാത്രമാണ് ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. ഇറാൻ ഖത്തറിലേക്ക് മിസൈൽ അയച്ചത് ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായ വിമാനങ്ങളെയും ബാധിച്ചു. ഇറാനിലെ മഷ്ഹദില്‍നിന്ന് 290 ഇന്ത്യക്കാരുമായി ഒരു വിമാനം മാത്രമാണ് ഇന്ന് ഡൽഹിയിൽ എത്തിയത്. ഇറാനിൽനിന്ന് രണ്ടും ഇസ്രയേലിൽനിന്നുള്ളവരുമായി ജോർദാനിലെ അമ്മാനിൽനിന്ന് ഒരു വിമാനവുമാണ് ഡൽഹിയിലേക്ക് എത്തേണ്ടിയിരുന്നത്. ഇറാൻ - ഇസ്രയേൽ, യുഎസ് സംഘർഷം രൂക്ഷമായതോടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് ഊർജിതമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതുവരെ ഇറാനിൽനിന്ന് 2,003 ഇന്ത്യക്കാരെ ഒഴിപ്പിച്ചു.