ദോഹയിലെ യുഎസ് സൈനിക ക്യാംപ് ലക്ഷ്യമിടുമെന്ന വിവരം ഇറാന്‍ നേരത്തെ ഖത്തറിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് പ്രഹരിച്ച ബോംബുകളുടെ അതേ അളവിലുള്ള മിസൈലുകളാണ് ഇറാന്‍ ദോഹയിലേക്ക് തൊടുത്തത്. ഇതിനൊപ്പം രാത്രി ഉണ്ടായ വെടിനിര്‍ത്തലിന് പിന്നിലും ഖത്തറിന് പങ്കുണ്ടെന്നാണ് വിവരം.
ഖത്തറിലെ യുഎസ് സൈനിക ക്യാംപായ അൽ ഉദെയ്ദ് എയർ ബേസ് ഹ്രസ്വ-ദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ആക്രമിച്ചത്. മിസൈലുകളെല്ലാം ഖത്തറിന്‍റെ പ്രതിരോധ സംവിധാനം തടഞ്ഞു. ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്ക് മിസൈലുകൾ വിക്ഷേപിക്കുന്നതിന് മുന്‍പ് ഇറാനിയൻ ഉദ്യോഗസ്ഥർ ആക്രമണത്തെക്കുറിച്ച് ഖത്തറിന് മുൻകൂർ അറിയിപ്പ് നൽകിയിരുന്നു. ഇതുവഴി വിവരം നേരത്തെ തന്നെ യുഎസ് അറിഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇറാനിലെ ഫോര്‍ഡോ ആണവ കേന്ദ്രം ആക്രമിക്കാന്‍ യുഎസ് പ്രയോഗിച്ച ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുടെ എണ്ണത്തിന് സമാനമായ മിസൈലുകള്‍ ഇറാന്‍അൽ ഉദെയ്ദ് വ്യോമതാവളത്തിന് നേര്‍ക്ക് പ്രയോഗിച്ചെന്നാണ് ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്. എന്നാല്‍ ഇറാന്‍റെ ആക്രമണം ദുര്‍ബലവും പ്രതീക്ഷിച്ചതുമാണെന്നായിരുന്നു യു.എസ്. പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. 14 മിസൈലുകള്‍ ഇറാന്‍ ദോഹയിലേക്ക് അയച്ചെന്നും ഇതില്‍ 13 എണ്ണത്തെ ആകാശത്തു വച്ച് പ്രതിരോധിച്ചെന്നും ട്രംപ് പറഞ്ഞു. ഒരെണ്ണം സ്വയം തകര്‍ന്നെനുമായിരുന്നു ട്രംപിന്‍റെ പ്രതികരണം.
പിന്നാലെ ട്രംപ് പ്രഖ്യാപിച്ച െവടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ ഇറാനുമായുള്ള ഖത്തര്‍ സര്‍ക്കാറിന്‍റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളായിരുന്നു എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറിലെ യുഎസ് വ്യോമതാവളത്തിനു നേരെയുള്ള ഇറാൻറെ ആക്രമണത്തിനു പിന്നാലെ ഇറാനുമായുള്ള വെടിനിർത്തൽ കരാറിന്‍റെ ഇടനിലക്കാരനാകാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീറിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി തിങ്കളാഴ്ച ഇറാനുമായി കരാറുണ്ടാക്കി. ഇക്കാര്യമാണ് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചത്. അതേസമയം, വെടിനിർത്തൽ കരാർ ഇസ്രായേലോ ഇറാനോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.