(FILES) (FILES) This picture shows a general view of an Uranium Conversion Facility (UCF) in Isfahan on November 20, 2004. President Donald Trump said June 21, 2025 the US military has carried out a "very successful attack" on three Iranian nuclear sites, including the underground uranium enrichment facility at Fordo. "We have completed our very successful attack on the three Nuclear sites in Iran, including Fordow, Natanz, and Esfahan," Trump said in a post on his Truth Social platform. (Photo by AFP)
ആണവശക്തിയായി ഇറാന്‍ മാറുന്നതിനെ അടിമുടി എതിര്‍ത്ത രാജ്യമാണ് അമേരിക്ക. ഇറാന്‍റെ കൈവശം ആണവായുധമുണ്ടെന്നും അല്ല ആണവായുധം വികസിപ്പിക്കുന്നതിന്‍റെ അന്തിമഘട്ടത്തിലാണെന്നും പലകാലങ്ങളിലായി അമേരിക്കയും ഇസ്രയേലും ആരോപിക്കുന്നുമുണ്ട്. ആണവായുധം നിര്‍മിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് ഇറാനെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയും പറയുന്നു.
Photo by Satellite image 2025 Maxar Technologies / AFP
ഒന്നല്ല, പത്ത് ആണവായുധങ്ങള്‍ നിര്‍മിക്കാനാവശ്യമായ സമ്പുഷ്ടീകരിച്ച പദാര്‍ഥങ്ങള്‍ ഇറാന്‍റെ കൈവശം കാലങ്ങളായുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇവ സൂക്ഷിച്ചതത്രയും ഇസ്ഫഹാനിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇസ്ഫഹാന്‍ കേന്ദ്രം പൂര്‍ണമായും തകര്‍ന്നുവോ എന്നതില്‍ വ്യക്തതയില്ല.
അസംസ്കൃത യുറേനിയം യുറേനിയം ടെട്രാഫ്ലൂറൈഡായും പിന്നീട് യുറേനിയം ഹെക്സാഫ്ലൂറൈഡായും മാറ്റാന്‍ ശേഷിയുള്ളതാണ് മധ്യഇറാനിലെ ഇസ്ഫഹാനിലെ ആണവകേന്ദ്രം. 2004 ല്‍ ഇത് പ്രവര്‍ത്തനക്ഷമമായെന്നാണ് കരുതുന്നത്. ഇവിടെ നിന്ന് തന്നെയാണ് വൈദ്യുതി ഉല്‍പാദനത്തിനാവശ്യമായ കുറഞ്ഞ അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയവും വിതരണം ചെയ്യുന്നത്. 2022 ജൂലൈയില്‍ പുതിയ ഗവേഷണ കേന്ദ്രവും ഇറാന്‍ ഇവിടെ സ്ഥാപിച്ചു. യുറേനിയം വേര്‍തിരിക്കുന്ന പ്ലാന്‍റുള്‍പ്പടെ ഇസ്ഫഹാനിലെ നാല് കെട്ടിടങ്ങളിലാണ് ഇസ്രയേല്‍ ജൂണ്‍ പതിമൂന്നിന് ആക്രമണം നടത്തിയത്.
സമ്പുഷ്ടീകരിച്ച 9,247 കിലോ യുറേനിയം ഇറാന്‍റെ പക്കലുണ്ടെന്നാണ് മേയ് പകുതിയോടെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നത്. ഇത് ഇറാന് കൈവശം വയ്ക്കാമെന്ന് 2015 ല്‍ നിശ്ചയിച്ചതിന്‍റെ 45 മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയമാണ് ആണവായുധം നിര്‍മിക്കാന്‍ വേണ്ടതെന്നാണ് കണക്ക്. ഇറാന്‍റെ പക്കല്‍ 60 ശതമാനത്തിലേറെയുണ്ടെന്നും ഫോര്‍ഡോയില്‍ 81 ശതമാനം വരെ സമ്പുഷ്ടീകരിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതായത് പത്ത് ആണവ ബോംബുകള്‍ നിര്‍മിക്കാനുള്ള ശേഷി ഇറാനുണ്ടെന്നാണ് ഐഎഇഎയും വിശ്വസിക്കുന്നത്.
വിജയകരമായി യുഎസ് യുദ്ധവിമാനങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കിയെന്നും പ്രത്യേകിച്ചും ആദ്യ ലക്ഷ്യമായിരുന്ന ഫോര്‍ഡോ നാമാവശേഷമായെന്നുമായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അവകാശവാദം. ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ച ഇറാന്‍ നാശനഷ്ടങ്ങളുടെ വിവരം പുറത്തുവിടാത്തതിനാല്‍ തന്നെ സംഭവിച്ചതെന്തെന്നതില്‍ ലോകത്തെങ്ങും അവ്യക്തത തുടരുകയാണ്.