ഇറാനെ ആക്രമിച്ച് യുഎസ്. ഇറാന്‍റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ബോംബിട്ടതെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. പുലര്‍ച്ചെയോടെയാണ് യുഎസിന്‍റെ ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇറാനെ ലക്ഷ്യമാക്കിയെത്തി ബോംബിട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രിയോടെ വിമാനങ്ങള്‍ പസഫികിലെ ഗുവാമിലെത്തിച്ചിരുന്നു. Also Read: ഖമനയി പിന്‍ഗാമികളുടെ പട്ടിക കൈമാറി
യുദ്ധവിമാനങ്ങളെല്ലാം ഇറാന്‍റെ വ്യോമപരിധിക്ക് പുറത്താണിപ്പോളെന്നും ട്രപ് അവകാശപ്പെട്ടു. യുദ്ധവിമാനങ്ങള്‍ തിരികെ യുഎസിലേക്ക് തിരിച്ചുവെന്നും യുഎസ് സൈനികര്‍ക്ക് അഭിനന്ദനങ്ങളെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചു. ലോകത്ത് മറ്റാര്‍ക്കും ഇത് കഴിയില്ല. അമേരിക്കയ്ക്കും ലോകത്തിനും ഇസ്രയേലിനും ഇത് അഭിമാന നിമിഷമാണെന്നും ഇറാന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വരണമെന്നും ട്രംപ് കുറിച്ചു.
ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ 400ലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. 430 മരണമെന്നാണ് ഇറാന്‍റെ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 3500ലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തന്റെ പിന്‍ഗാമികളുടെ പട്ടിക കൈമാറിയതായി റിപ്പോര്‍ട്ട്. ബങ്കറില്‍ കഴിയുന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി താന്‍ വധിക്കപ്പെട്ടാല്‍ നേതൃത്വം ഏറ്റെടുക്കേണ്ടവരെ തീരുമാനിച്ചതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നുപേരെ ഖമനയി നിര്‍ദേശിച്ചതായാണ് വിവരം.