മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്രയേലിലേക്ക് തിരിച്ചടിച്ച് ഇറാന്‍. രാവിലെ നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ ഇസ്രയേലില്‍ കെട്ടിടങ്ങളും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. 86 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. നഗരത്തിലാകമാനം പുകയും പൊടിപടലവും നിറഞ്ഞ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഇസ്രയേലിന്‍റെ തീര–മധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്‍റെ ചിത്രങ്ങളടക്കം പുറത്തുവന്നു. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്നിരക്ഷാസേനകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹഫിയയ്ക്ക് പുറമെ നെസ് സിയോണ, റിഷോണ്‍ ലെസയോണ്‍ എന്നിവടങ്ങളിലും ഉഗ്രസ്ഫോടനങ്ങളുണ്ടായി.
ഇസ്രായേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ വജ്രായുധം പ്രയോഗിച്ചതായാണ് വിവരം. ഏറ്റവും ഭാരമേറിയ പേലോഡ് വഹിക്കാൻ ശേഷിയുള്ള ഇറാന്‍റെ ഏറ്റവും വലിയ മിസൈലായ ഖോറാംഷഹർ-4 ഉപയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. മിസൈലിന്‍റെ ഫയൽ ഫൂട്ടേജുകള്‍ ഉപയോഗിച്ചാണ് ഇറാനിയൻ സ്റ്റേറ്റ് ടിവി വാര്‍ത്ത സംപ്രേഷണം ചെയ്തത്.
യുഎസ് നടപടിക്ക് ശേഷം ഖോറാംഷഹർ-4 ഉൾപ്പെടെ 40 മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് പ്രയോഗിച്ചതെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) അവകാശപ്പെട്ടത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500 കിലോഗ്രാം പോർമുനയുമുള്ള മിസൈലാണ് ഖോറാംഷഹര്‍. മിസൈലിന് ഒന്നിലധികം പോർമുനകൾ വഹിക്കാൻ കഴിയുമെന്നും ഇറാൻ അവകാശപ്പെടുന്നുണ്ട്.