യുഎസില്‍ ആരംഭിച്ച ‘നോ കിങ്’പ്രതിഷേധത്തില്‍ പ്രസിഡന്‍റ് ട്രംപിനെ പരിഹസിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് സ്വന്തം നാട്ടുകാരെ ആദ്യം ശാന്തരാക്കി നിര്‍ത്താന്‍ ഖമനയി ആവശ്യപ്പെടുന്നത്.
കുടിയേറ്റം, വിദ്യാഭ്യാസം, സുരക്ഷാ നയങ്ങൾ എന്നീ കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിന്‍റെ നിലപാടുകള്‍ക്കെതിരെയാണ് ജനം യുഎസിലെ തെരുവിലിറങ്ങിയത്. ട്രംപിന് കഴിവുണ്ടെങ്കിൽ അമേരിക്കയിൽ ഉയരുന്ന പ്രതിഷേധക്കാരെ ശാന്തരാക്കണമെന്നാണ് ഖമനയിയുടെ ആവശ്യം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി എഴുപത് ലക്ഷം ആളുകളാണ് ‘രാജാവില്ല’മുദ്രാവാക്യവുമായി പ്രതിഷേധരംഗത്തിറങ്ങിയത്.
പ്രക്ഷോഭകരെ അവരുടെ വീടുകളിലേക്ക് അയയ്ക്കാനും മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടാതിരിക്കാനുമാണ് ഇറാന്‍ നേതാവ് ആവശ്യപ്പെടുന്നത്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താല്‍പര്യമില്ലെന്നും ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ ആണവ കേന്ദ്രങ്ങൾ ഈ വർഷം ജൂണിൽ വ്യോമാക്രമണത്തിൽ തകർന്നു എന്ന ട്രംപിന്‍റെ വാദം കള്ളമാണെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനെ പരിഹസിച്ച് ഖമനയി രംഗത്തെത്തിയത്.
ലോകത്ത് നിങ്ങള്‍ക്ക് എന്ത് സ്ഥാനമാണുള്ളതെന്ന് ചോദിച്ച ഖമയനി ഇറാന്‍റെ ലക്ഷ്യം ആണവശേഷയോ വ്യവസായമോഎന്നത് നിങ്ങളുടെ വിഷയമാകുന്നതെങ്ങിനെയെന്നും ചോദിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ട്രംപിന്‍റെ കാര്‍ക്കശ്യത്തിനെതിരെ യുഎസിലെ 50 സംസ്ഥാനങ്ങളിലും നോ കിങ് പ്രതിഷേധം ആരംഭിച്ചത്. അമേരിക്കയെ വെറുക്കുന്നവരാണ് ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പബ്ലിക്കന്‍മാരുടെ വാദം. ഫ്ലോറിഡയിലെ ട്രംപിന്റെ വീടിനടുത്തും ചെറിയ നഗരങ്ങളിലും പ്രതിഷേധം നടന്നു.