ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തില്‍ പങ്കുചേര്‍ന്നാല്‍ യു.എസ്. കപ്പലുകള്‍ ആക്രമിക്കുമെന്ന് ഹൂതി വിമതരുടെ മുന്നറിയിപ്പ്. സംഘര്‍ഷം ഒന്‍പതാം ദിവസത്തിലേക്ക് നീങ്ങുമ്പോഴാണ് ഹൂതി വക്താവിന്‍റെ പ്രതികരണം. മേയില്‍ യുഎസും ഹൂതികളും തമ്മില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഇരുവരും തമ്മില്‍ വെടിനിര്‍ത്തലുണ്ടായിരുന്നു. പലസ്തീന് നേരെ ഗാസയില്‍ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ചെങ്കടലിൽ ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് നേരെ ഹൂതികൾ നേരത്തെ ആക്രമണം നടത്തിയിരുന്നു.

അതേസമയം ജനീവയില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി നടത്തിയ ആണവായുധ ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ക്കെതിരെ ഇറാന്‍ രംഗത്തെത്തി.  ‘ജനീവ ചര്‍ച്ചയിലേത് യാഥാര്‍ഥ്യബോധമില്ലാത്ത നിര്‍ദേശങ്ങളാണെന്നും ധാരണയിലെത്താന്‍ പര്യാപ്തമായ നിര്‍ദേശങ്ങളല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഉയര്‍ന്നുവന്ന വിഷയങ്ങള്‍ ഇറാന്‍ ചര്‍ച്ചചെയ്യും. അടുത്ത യോഗത്തില്‍ നിലപാട് അറിയിക്കുമെന്നും ഇറാന്‍ പറഞ്ഞു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് നഗരാച്ചി വ്യക്തമാക്കി. 

ഇറാന്റെ ഇസ്ഫഹാന്‍ ആണവകേന്ദ്രത്തിലും ടെഹ്റാനിലെ  മിസൈല്‍ ഫാക്ടറിയിലും ഇസ്രയേല്‍ ആക്രമണം. കമാന്‍ഡറടക്കം 15 ൈസനികര്‍ കൊല്ലപ്പെട്ടു. ടെല്‍ അവീവില്‍ ഉള്‍പ്പടെ ജനവാസകേന്ദ്രങ്ങളില്‍ ഇറാന്‍ പ്രത്യാക്രമണം നടത്തി. തെക്കന്‍ ഇസ്രയേലിലെ ജനവാസ കേന്ദ്രത്തില്‍ ആക്രമണമുണ്ടായി.   ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ ജി.സി.സി രാജ്യങ്ങള്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയെ ആശങ്ക അറിയിച്ചു. ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേല്‍ വിട്ട് നില്‍ക്കണമെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ആവശ്യപ്പെട്ടു. 

യൂറോപ്യന് യൂണിയനുമായുള്ള ചര്‍ച്ചയൊന്നും ഫലം കാണില്ലെന്ന് പറഞ്ഞ ട്രംപ്, ഇറാന്‍ ആഗ്രഹിക്കുന്നത് യുഎസുമായുള്ള ചര്‍ച്ചയ്ക്കാണെന്ന് പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ യുഎസ് കരസേനയെ വിന്യസിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. 

ഇറാന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്ന വീസ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ബെന്യമിന്‍ നെതന്യാഹു സന്ദര്‍ശനം നടത്തി. ഇറാന്‍റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎന്‍ ആണവോര്‍ജ ഏജന്‍സി ഇസ്രയേലിനോട് നിര്‍ദേശിച്ചു. തെക്കന്‍ ഇസ്രയേലിലെ ജനവാസ കേന്ദ്രത്തില്‍ ഇറാനും തബ്രിസിലും കെര്‍മന്‍ഷാഹിനും അടുത്തുമുള്ള ആണവകേന്ദ്രങ്ങളില്‍ ഇസ്രയേലും ആക്രമണം നടത്തി. 

ENGLISH SUMMARY:

Yemen's Houthi rebels have warned they will attack US ships if the United States joins the escalating Israel-Iran conflict. This comes on the ninth day of the conflict, following a prior ceasefire between the US and Houthis in May.