ചെങ്കടലിനടിയിലൂടെയുള്ള കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനുമുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനം താറുമാറായി. കേബിളുകള്‍ തകരാറിലാകാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരീക്ഷിക്കുന്ന 'നെറ്റ് ബ്ലോക്സ്' ആണ് വിവരം പുറത്തുവിട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജിദ്ദയിലും ഇന്‍റര്‍നെറ്റ് സേവനത്തില്‍ തടസം നേരിട്ടു.
ചെങ്കടലിലെ സമുദ്രാന്തര്‍ഭാഗത്ത് കൂടി പോകുന്ന കേബിളുകളെ ഹൂതി വിമതര്‍ ലക്ഷ്യമിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ച ഹൂതി വിമതര്‍, യെമനില്‍ നിന്നും നിരന്തര ആക്രമണങ്ങളാണ് ഇസ്രയേലിന് നേരെ നടത്തുന്നത്. അതിന്‍റെ ഭാഗമായുള്ള ആക്രമണത്തില്‍ ആണോ കേബിളുകള്‍ തകര്‍ന്നതെന്ന സംശയമാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഉയര്‍ത്തുന്നത്. അതേസമയം, സമുദ്രാന്തര്‍ കേബിളുകള്‍ തകരാറിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഹൂതികള്‍ നിഷേധിച്ചിട്ടുണ്ട്.
ടാറ്റ കമ്യൂണിക്കേഷന്‍സിന്‍റേതാണ് ദ് സൗത്ത് ഈസ്റ്റ് ഏഷ്യ– മിഡില്‍ ഈസ്റ്റ്– വെസ്റ്റേണ്‍ യൂറോപ്പ് 4 കേബിള്‍. ദ് ഇന്ത്യ –മിഡില്‍ ഈസ്റ്റ്–വെസ്റ്റേണ്‍ യൂറോപ്പ് കേബിള്‍ നിയന്ത്രിക്കുന്നത് അല്‍കാടെല്‍–ല്യൂസെന്‍റുമാണ്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടതില്‍ ഇരു കമ്പനികളും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താറുമാറായ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സൗദി അറേബ്യയും തയാറായിട്ടില്ല.
അതേസമയം, ഇന്‍റര്‍നെറ്റ് സേവനത്തില്‍ ബുദ്ധിമുട്ട് നേരിട്ടുവെന്നും മന്ദഗതിയിലാണ് യുഎഇയില്‍ ലഭ്യമായതെന്ന് എസ്റ്റിലാറ്റും ഡ്യുവും സ്ഥിരീകരിച്ചു. സംഭവത്തില്‍ യുഎഇ ഭരണകൂടവും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വെസ്റ്റേഷ്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതായും സമുദ്രാന്തര്‍ഭാഗത്തെ കേബിളുകള്‍ വിച്ഛേദിക്കപ്പെട്ടതാണ് കാരണമെന്നും മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു.
ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹൂതികള്‍ ശക്തമായി തിരിച്ചടിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂതി നേതാക്കളടക്കം കൊല്ലപ്പെടുകയും ചെയ്തു. 2024ലാണ് ചെങ്കടലിലെ കേബിളുകള്‍ ഹൂതികള്‍ ആദ്യമായി ലക്ഷ്യമിട്ടത്. അന്നും സമാനമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താറുമാറായി. 2023 നവംബര്‍ 23 മുതല്‍ 2024 ഡിസംബര്‍ വരെ നൂറിലേറെ കപ്പലുകളെയാണ് ഹൂതികള്‍ ആക്രമിച്ചത്. ജൂലൈയില്‍ രണ്ട് കപ്പലുകളെ ആക്രമിച്ച് മുക്കുകയും ചെയ്തു.