Srinagar: MBBS student Mehak Hussain with her father after returning home following her evacuation from Iran under Operation Sindhu, amid the Israel-Iran conflict, in Srinagar, Friday, June 20, 2025. (PTI Photo)(PTI06_20_2025_000267B)
ഇസ്രയേലുമായി കടുത്ത ആക്രമണം തുടരുന്നതിനിടെയിലും ഇന്ത്യക്കായി ഒപ്പം നിന്ന് ഇറാന്‍. സംഘര്‍ഷസാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി ഒരു സംശയവും കൂടാതെ നടപടികള്‍ സ്വീകരിച്ചു. അപൂര്‍വമായി മാത്രമേ ഇത്തരം നടപടികള്‍ ലോകരാജ്യങ്ങള്‍ക്കിടെയില്‍ നടക്കാറുള്ളൂവെന്നതാണ് ഏറ്റവും അതിശയകരമായ വസ്തുത. യുദ്ധപശ്ചാത്തലത്തില്‍ അടച്ചിട്ട വ്യോമപാത ഇറാന്‍ ഇന്ത്യക്കായി പൂര്‍ണമനസ്സോടെ തുറന്നിട്ടതോടെ മൂന്നു വിമാനങ്ങളിലായി 517പേരെ ഡല്‍ഹിയിലെത്തിക്കാന്‍ സാധിച്ചു. വിദ്യാര്‍ഥികളും തീര്‍ഥാടകരും അടങ്ങുന്ന സംഘത്തെയാണ് സംഘര്‍ഷഭൂമിയില്‍ നിന്നും സ്വന്തം മണ്ണിലെത്തിച്ചത്. Also Read: ഇറാന്‍റെ ആണവക്കോട്ട തകര്‍ക്കാന്‍ ഇസ്രയേലിന് കഴിയില്ലെന്ന് ട്രംപ്
ചരിത്രാതീതകാലം മുതല്‍ തന്നെ ഇന്ത്യയുമായി സൗഹൃദം സൂക്ഷിക്കുന്ന രാജ്യമാണ് ഇറാന്‍. ഊര്‍ജ, വാണിജ്യ മേഖലകളില്‍ ഒന്നിച്ചു മുന്നോട്ടുപോവുന്ന രാജ്യങ്ങള്‍. സാമ്പത്തികമായുള്ള ഇന്ത്യയുടെ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്കാളി കൂടിയാണ് ഇറാന്‍. ഏറ്റവും പ്രതിസന്ധി നിറഞ്ഞ ദിവസങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇറാന്‍ ഇന്ത്യയെ ചേര്‍ത്തുപിടിക്കുന്നതിലൂടെ വ്യക്തമാകുന്നത് ഈ സൗഹൃദത്തിന്റെ ദൃഢത തന്നെയാണ്. Read More: അണുവിട വിടാതെ ഇസ്രയേലും ഇറാനും; സങ്കീര്‍ണം പശ്ചിമേഷ്യ
ഇസ്രയേലും ഇറാനും തമ്മിലുള്ള മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും രൂക്ഷമായതോടെയാണ് രാജ്യാന്തര വിമാനങ്ങള്‍ക്കായുള്ള വ്യോമപാത ഇറാന്‍ അടച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം ആരംഭിച്ചത്. വടക്കന്‍ ഇറാനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി റോഡുമാര്‍ഗത്തിലൂടെ ജൂണ്‍ 17നാണ് എംബസി അര്‍മീനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. 18ന് തലസ്ഥാനമായ യെരേവാനില്‍ നിന്ന് പ്രത്യേക വിമാനത്തിലായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇന്നുപുലര്‍ച്ചെ മൂന്നുമണിയോടൊണ് വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ എത്തിയത്.
ഒരാഴ്ച്ച നീണ്ട മിസൈല്‍ ആക്രമണങ്ങളിലൂടെ ഇറാന്റെ സൈനിക കേന്ദ്രങ്ങളിലും ആണവമേഖലകളിലും കനത്ത നാശമുണ്ടായതായും എഴുന്നൂറോളം പേര്‍ മരിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിലും രണ്ട് ഡസനിലേറെ ആളുകളുടെ മരണത്തിനു കാരണമായ ആക്രമണമാണ് നടന്നത്. ജൂണ്‍ 13നാണ് ഇറാന്റെ തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയത്.