പശ്ചിമേഷ്യയിലെ സ്ഥിതി സങ്കീര്‍ണമാക്കി ആക്രമണം തുടര്‍ന്ന് ഇസ്രയേലും ഇറാനും. ടെഹ്റാനിലെ മിസൈല്‍ ഫാക്ടറിയടക്കം സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍. ആക്രമണങ്ങളില്‍ ഒരു ആണവശാസ്ത്രജ്ഞനെ വധിച്ചെന്നും ഇസ്രയേല്‍ അവകാശവാദം ഉന്നയിച്ചു. തിരിച്ചടിയെന്നൊണം ഇസ്രയേലില്‍ വ്യാപകമായി റോക്കറ്റ് ആക്രമണം നടത്തി ഇറാന്‍. ടെല്‍ അവീവ്, ഹൈഫ, ബീര്‍ഷേബ നഗരങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. 17 പേര്‍ക്ക് പരുക്കേറ്റു.
അതേസമയം ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്ന സാഹചര്യത്തില്‍ നയതന്ത്രപരിഹാരം തേടി ജനീവയില്‍ നടന്ന യോഗം അവസാനിച്ചു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാതെ ആണവചര്‍ച്ച പുനഃരാരംഭിക്കാന്‍ സാധിക്കില്ലെന്ന നിലപാട് ഇറാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ അറിയിച്ചു. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ജനീവയില്‍ നടന്നത് ഗൗരവമേറിയ ചര്‍ച്ചയെന്നും വിദേശകാര്യമന്ത്രിതല ചര്‍ച്ച തുടരുമെന്നും ഇറാന്‍ അറിയിച്ചു. ഇറാനെ ആക്രമിക്കുന്നതില്‍ രണ്ടാഴ്ചയ്ക്ക് ശേഷമെ തീരുമാനമെടുക്കു എന്ന് പറഞ്ഞ യു.എസ് പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുമെന്ന് ഇന്നലെ വ്യക്തമാക്കി.
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാതലത്തില്‍ യുദ്ധമേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദുവിന്‍റെ ഭാഗമായി തയാറാക്കിയ പ്രത്യേക വിമാനങ്ങളില്‍ ആയിരത്തോളം ഇന്ത്യക്കാര്‍ നാട്ടിലെത്തും. 290പേര്‍ ഇറാനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. മൂന്നു വിമാനങ്ങളിലായാണ് ഇറാനില്‍ നിന്നുള്ളവരെ നാട്ടില്‍ എത്തിക്കുന്നത്.