Donated kidneys, corneas, and liver - 1

2000 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ള സെജ്ജില്‍ മിസൈല്‍ ഇസ്രയേലിനെതിരെ പ്രയോ​ഗിച്ച് ഇറാന്റെ അപ്രതീക്ഷിത ആക്രമണം. ഇസ്രയേലിന്റെ രഹസ്യാന്വേഷണ കേന്ദ്രങ്ങളും മൊസാദ് ആസ്ഥാനവും തകര്‍ത്തുവെന്നാണ് ഇറാൻ പറയുന്നത്. 

ബുധനാഴ്ച രാത്രി ടെല്‍ അവീവില്‍ സെജ്ജില്‍ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലാണ് സെജ്ജില്‍. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന തരത്തിലാണ് ബാലിസ്റ്റിക് മിസൈലുകളുടെ നിർമ്മാണം. സംഘര്‍ഷം രൂക്ഷമായ ശേഷം ഇതാദ്യമായാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് സെജ്ജില്‍ ഇസ്രയേലിനെതിരെ പ്രയോഗിക്കുന്നത്. 

'ഓപറേഷന്‍ ട്രൂ പ്രോമിസ് 3'യുടെ ഭാഗമായാണ് സെജ്ജില്‍ പ്രയോഗിച്ചെന്നും, ഇസ്രയേൽ വ്യോമതാവളങ്ങള്‍ തകർത്തുവെന്നും ഇറാന്‍ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 700 കിലോ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള 59 അടി നീളമുള്ള ദീര്‍ഘദൂര മിസൈലാണിത്. സെജ്ജിലിന്‍റെ ലേറ്റസ്റ്റ് വെർഷൻ് 4000 കിലോമീറ്റര്‍ അനായാസം താണ്ടാന്‍ കഴിയും. 

ഇസ്രയേൽ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് അപ്രതീക്ഷിത ആക്രമണം നടത്താന്‍ പര്യാപ്തമാണ് സെജ്ജലെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇസ്രയേലിന്‍റെ എല്ലാ ഭാഗത്തേക്കും, തെക്ക് കിഴക്കന്‍ യൂറോപ്പ് വരെയും കടന്നെത്താൻ സെജ്ജില്‍ മിസൈലിന് കഴിയും. മിസൈലിനെ ജ്വലിപ്പിക്കുന്നതിനായി ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഇത് മിസൈല്‍ വിക്ഷേപണത്തിന്‍റെ വേഗത വര്‍ധിപ്പിക്കും. 

ഇസ്രയേലിന്‍റെ അയണ്‍ ഡോമിനെ ഫത്താ–1 ഹൈപ്പര്‍ സോണിക് മിസൈൽ നേരത്തേ തകർത്തിരുന്നു. അതിന് പിന്നാലെയാണ് അത്യാധുനിക സെജ്ജില്‍ ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തത്. ആകാശത്ത് വളഞ്ഞ് പുളഞ്ഞ് അഗ്നിനാളങ്ങളുണ്ടാക്കുന്നതിനാൽ, സെജ്ജിലിന് 'ഡാന്‍സിങ് മിസൈലെ'ന്നും വിളിപ്പേരുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് വിക്ഷേപണം നടത്താനാവും എന്നതാണ് സെജ്ജിലിന്റെ പ്രത്യേകത. ഇറാന്‍റെ കൈയ്യിലെ 'ബ്രഹ്മാസ്ത്ര'മാണ് സെജ്ജിലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.