A missile launched from Iran towards Israel is seen from Jerusalem, June 19, 2025. REUTERS/Ammar Awad
ഇസ്രയേലിനെതിരെയുള്ള ആക്രമണം കടുപ്പിച്ച് ഇറാന്‍. ഹൈപ്പര്‍സോണിക് മിസൈലുകളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ തൊടുക്കുന്നത്. ഫത്താ മിസൈലുകള്‍ ഇസ്രയേലിന്‍റെ വ്യോമപ്രതിരോധത്തെ ഭേദിച്ച് കനത്ത നാശം വിതച്ചെന്ന് ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ നഗരമായ ഹഫിയ ലക്ഷ്യമിട്ടാണ് ഇറാന്‍ ഒടുവിലത്തെ ആക്രമണം നടത്തിയത്. നഗരത്തിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് രൂക്ഷമായ ആക്രമണം ഉണ്ടായത്. അതേസമയം, ഇറാന്‍റെ മിസൈലുകളെ വ്യോമപ്രതിരോധം തകര്‍ത്തുവെന്നും ഭീഷണിയില്ലെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. Also Read:ഇസ്രയേലില്‍ ശേഷിക്കുന്നത് 10 ദിവസത്തേക്കുള്ള മിസൈലുകള്‍
അതേസമയം, ഇറാനില്‍ ഇന്‍റര്‍നെറ്റ് സേവനം ഏറെക്കുറെ നിലച്ചമട്ടാണ്. ഇസ്രയേലുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇന്‍റര്‍നെറ്റിന് ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെറ്റ് ബ്ലോക്സ് എക്സില്‍ കുറിച്ചു. രാജ്യത്തെ ആശയ വിനിമയോപാധികള്‍ ഇസ്രയേല്‍ സൈനിക ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യക്തമാക്കി ഇറാന്‍റെ വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇന്‍റര്‍നെറ്റ് ഉപയോഗം പരിമിതപ്പെടുത്തുന്നതായി അറിയിച്ചത്.
വാട്സാപ്പ് ഫോണുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ചൊവ്വാഴ്ച പൗരന്‍മാരോട് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. വ്യക്തികളുടെ വിവരങ്ങളും ലൊക്കേഷനടക്കം വാട്സാപ്പ് ഇസ്രയേലിന് കൈമാറുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ നടപടി. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും ഇന്‍റര്‍നെറ്റും വാട്സാപ്പുമടക്കമുള്ള ആശയവിനിമയോപാധികള്‍ ജനങ്ങള്‍ക്ക് ഏറ്റവുമധികമായി വേണ്ട സമയത്ത് അത് നിഷേധിക്കുന്നതിനുള്ള വാദമാണിതെന്നും വാട്സാപ്പ് വക്താവ് തുറന്നടിച്ചു.
‘നിങ്ങൾ എവിടെയാണ് ഉള്ളതെന്ന് ഞങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. ആർക്കാണ് സന്ദേശമയയ്ക്കുന്നത് എന്നതിന്റെ ലോഗുകൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല. ആളുകൾ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങൾ ഞങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. ഒരു സർക്കാരിനും ഞങ്ങൾ വിവരങ്ങൾ നൽകുന്നില്ല. അയച്ചയാൾക്കും ഉദ്ദേശിച്ച സ്വീകർത്താവിനും ഒഴികെ മറ്റാർക്കും സന്ദേശങ്ങൾ വായിക്കാൻ കഴിയാത്തതായി തുടരുന്നുവെന്ന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കുന്നു’ – വാട്സാപ്പ് അധികൃതർ വ്യക്തമാക്കി.