A destroyed drone, which the Iranian Army says belongs to Israel, is seen in Isfahan, Iran, in this handout image obtained on June 18, 2025. Iranian Army/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. TPX IMAGES OF THE DAY

മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ ഇസ്രയേലിന്‍റെ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടു. ടെഹ്റാന്‍ ലക്ഷ്യമിട്ട് അയച്ച ഡ്രോണ്‍ ഇറാന്‍ തകര്‍ത്തുവെന്ന വാര്‍ത്തകള്‍ ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ കലുഷിതമായതിന് പിന്നാലെ ഇതാദ്യമായാണ് ഇസ്രയേല്‍ ഇത്തരമൊരു സ്ഥിരീകരണം നടത്തുന്നത്. ഇന്നലെയായിരുന്നു സംഭവം. ഭൂമിയില്‍ നിന്ന് ആകാശത്തിലേക്ക് തൊടുക്കുന്ന മിസൈലാണ് തങ്ങളുടെ ആളില്ലാവിമാനത്തെ തകര്‍ത്തതെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വിശദീകരിച്ചു. ആളപായമോ, മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലിന്‍റെ ആളില്ലാ വിമാനം തകര്‍ത്തതിന്‍റെ ചിത്രങ്ങള്‍ ഇറാന്‍ ടെലിവിഷനും പുറത്തുവിട്ടു. ഇസ്ഫഹാന്‍ ലക്ഷ്യമിട്ടെത്തിയതായിരുന്നു ഇസ്രയേല്‍ വ്യോമസേനയുടെ ഹെര്‍മിസ് ഡ്രോണ്‍ എന്നും ഇറാന്‍ അറിയിച്ചു.  Also Read: ഹൈപ്പര്‍സോണിക് മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്‍

ഇറാനില്‍ എവിടെ ആക്രമണം നടത്തണമെന്ന് ഞങ്ങള്‍ വിചാരിച്ചാലും അവിടെ ആക്രമിക്കും. പ്രതിരോധമുണ്ട്. പക്ഷേ ആകാശത്തിന്‍റെ നിയന്ത്രണം മുഴുവന്‍ ഞങ്ങള്‍ക്കാണ്. അത് അങ്ങനെ തന്നെ തുടരും

ഇറാനില്‍ നിന്നും ഒരു തരത്തിലുള്ള ഭീഷണിയും ഇസ്രയേലിനില്ലെന്നും ഇറാന്‍റെ ആകാശത്ത് കൂടി അനായാസമാണ് ഇസ്രയേലിന്‍റെ യുദ്ധവിമാനങ്ങള്‍ പറക്കുന്നതെന്നും ഇസ്രയേല്‍ സൈനികവക്താവ് അവകാശപ്പെട്ടു. 'ഇറാനില്‍ എവിടെ ആക്രമണം നടത്തണമെന്ന് ഞങ്ങള്‍ വിചാരിച്ചാലും അവിടെ ആക്രമിക്കും. പ്രതിരോധമുണ്ട്. പക്ഷേ ആകാശത്തിന്‍റെ നിയന്ത്രണം മുഴുവന്‍ ഞങ്ങള്‍ക്കാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും'- എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ എഫി ഡെഫ്രിന്‍റെ അവകാശവാദം. 50ലേറെ ഇസ്രയേല്‍ യുദ്ധവിമാനങ്ങളാണ് ബുധനാഴ്ച പകല്‍ മാത്രം ടെഹ്റാനിലെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്‍റുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. ഇറാന്‍റെ സൈനിക– ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആദ്യം ആക്രമണം ഉണ്ടായത്. ഇതില്‍ ഇറാന്‍റെ ഉന്നത സൈനികോദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും സാധാരണ ജനങ്ങളുമടക്കം അഞ്ഞൂറിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

അതിനിടെ,  അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. അനാവശ്യമായി ഇറാനെ ആക്രമിക്കുകയോ ഇസ്രയേലിന് പ്രത്യക്ഷ സൈനിക സഹായം നല്‍കുകയോ ചെയ്താല്‍ പരിണിതഫലം രൂക്ഷമായിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റയാബ്കോവ് വ്യക്തമാക്കി. ഇറാനിലെ സഹോദരങ്ങള്‍ കരുതിയിരിക്കണമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന്‍റെ സന്ദേശം. നിലവിലെ സ്ഥിതിയില്‍ സമാധാനം സാധ്യമാണെന്നും നയതന്ത്രപരമായി പരിഹരിക്കാമെന്നും പുട്ടിന്‍ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ റഷ്യ തയ്യാറാണെന്നും പുട്ടിന്‍ അറിയിച്ചു.  അമേരിക്ക ഈ ആഴ്ച അവസാനത്തോടെ ഇറാനെ ആക്രമിച്ചേക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറാനെ ആക്രമിക്കുന്നതിന് ട്രംപ് രഹസ്യമായി അനുമതി നല്‍കിയെന്നും എന്നാല്‍ സെനറ്റിന്‍റെ അംഗീകാരം കാക്കുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്‍ കീഴടങ്ങണമെന്ന ട്രംപിന്‍റെ അന്ത്യശാസനം ഖമനയി തള്ളിയിരുന്നു.

ENGLISH SUMMARY:

Amid rising Middle East tensions, Iran claims to have shot down an Israeli drone targeting Tehran, a fact confirmed by Israel. This marks Israel's first such confirmation since the escalation. The drone, an Israeli Air Force Hermes, was reportedly downed by a surface-to-air missile near Isfahan. Israel states there were no casualties or significant damage.