ഇറാന് മേലുള്ള ഇസ്രയേൽ, യുഎസ് സംയുക്താക്രമണം ആരംഭിച്ചശേഷം ഇതാദ്യമായി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എണ്ണക്കപ്പൽ മുംബൈ തീരത്തെത്തിയതിന് പിന്നിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ നയതന്ത്രം. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി  എസ്. ജയശങ്കർ നടത്തിയ ഫോൺ സംഭാഷണമാണ് ഇന്ത്യയ്ക്ക് ആശ്വാസകരമായത്.  

സൗദി അറേബ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ലൈബീരിയൻ പതാക ഘടിപ്പിച്ച 'ഷെൻലോങ്' എന്ന കപ്പലാണ് മുംബൈയിലെത്തിയത്. 1,35,335 മെട്രിക് ടൺ എണ്ണയാണ് കപ്പലിലുള്ളത്. ഇതിനുപുറമെ, പുഷ്പക്, പരിമൾ എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകുന്നുണ്ട്. 

യുദ്ധം മൂലം ആഗോള ഊർജ്ജ ഇടനാഴിയിലൂടെയുള്ള സമുദ്ര ഗതാഗതം ഏറെക്കുറെ സ്തംഭിച്ചിരിക്കുന്ന സമയത്താണ് ഇന്ത്യക്ക് വലിയ ആശ്വാസമാകുന്ന ഈ തീരുമാനം വരുന്നത്. ഈ മേഖലയില്‍ വലിയ സംഘർഷങ്ങളുണ്ടാകുമ്പോഴും, നിയന്ത്രണങ്ങൾ തുടരുമ്പോഴുമാണ് അസംസ്‌കൃത എണ്ണയുമായി ലൈബീരിയൻ പതാക ഘടിപ്പിച്ച 'ഷെൻലോങ്' എന്ന കപ്പല്‍ സുരക്ഷിതമായി മുംബൈയിലെത്തിയത്.  

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നടത്തിയ നയതന്ത്ര ഇടപെടൽ എത്രമാത്രം ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കം. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ നിര്‍ബന്ധമായും ഇറാന്റെ അനുമതി നേടണമെന്ന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ (ഐആർജിസി) നാവിക സേനയുടെ കമാൻഡർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അല്ലാത്തപക്ഷം, അവ ഇറാന്‍‌റെ അപ്രതീക്ഷിത ആക്രമണങ്ങളുടെ ഇരയായേക്കാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ച രണ്ട് കപ്പലുകളെ ബുധനാഴ്ച ആക്രമിച്ചിരുന്നു. 

നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ 28 ഇന്ത്യൻ ചരക്കുകപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവയിൽ 24 കപ്പലുകൾ കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തും നാലെണ്ണം കിഴക്ക് ഭാഗത്തുമാണുള്ളത്. ഈ കപ്പലുകളിലായി ആകെ 778 ഇന്ത്യൻ നാവികരുണ്ടെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള കപ്പലുകൾക്ക് കൂടി കടന്നുപോകാൻ അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. 

ENGLISH SUMMARY:

Indian oil tankers have safely navigated the Strait of Hormuz, a significant diplomatic achievement attributed to External Affairs Minister S. Jaishankar's intervention. This successful passage follows Iran's previous warnings about maritime transit in the region.