FILE PHOTO: Israeli Prime Minister Benjamin Netanyahu speaks during a press conference, in Jerusalem, May 21, 2025. REUTERS/Ronen Zvulun/Pool/File Photo
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഖമനയിയെ വധിച്ചാല്‍ സംഘര്‍ഷം വഷളാകുമെന്ന വാദം വെറുതേയാണെന്നും മധ്യപൂര്‍വേഷ്യയില്‍ അരനൂറ്റാണ്ടായി നീളുന്ന ഈ അസ്വസ്ഥത അവസാനിപ്പിക്കാന്‍ തങ്ങള്‍ തയാറെടുക്കുകയാണെന്നും എബിസി ന്യൂസിനോട് നെതന്യാഹു പറഞ്ഞു. മധ്യപൂര്‍വേഷ്യയില്‍ ഭീകരവാദം വളര്‍ത്തുന്നത് ഇറാന്‍ ഭരണകൂടമാണെന്നും സൗദിയിലെ അരാംകോയിലെ എണ്ണപ്പാടങ്ങളില്‍ വരെ ബോംബിട്ടുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആണവയുദ്ധത്തിന്‍റെ വക്കിലേക്ക് ഇസ്രയേലിനെ കൊണ്ടെത്തിക്കുകയാണ്. ഇത് തടയാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. അത് സാധ്യമാകണമെങ്കില്‍ തിന്മയുടെ ശക്തികളെ ഉന്‍മൂലനം ചെയ്യുന്നതിലൂടെയെ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. Read More:ടെഹ്റാനില്‍ ഇസ്രയേലിന്റെ അതിരൂക്ഷ വ്യോമാക്രമണം
ഹിറ്റ്ലറിന്‍റെ ആണവ സംഘത്തിലുണ്ടായിരുന്നത് പോലെയുള്ളവരായിരുന്നു ഇറാന്‍റെ ഉന്നത ആണവ ശാസ്ത്രജ്ഞരെന്നും നെതന്യാഹു വാദിക്കുന്നു. 'ഇന്ന് ടെല്‍ അവീവാണെങ്കില്‍ നാളെ അത് ന്യൂയോര്‍ക്ക് ആവാം. അമേരിക്ക ഒന്നാമതെന്ന നയം എനിക്ക് മനസിലാകും. അമേരിക്കയുടെ പതനം അത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇറാനെപോലെയുള്ളവര്‍ അതാണ് ആഗ്രഹിക്കുന്നതും ഉരുവിടുന്നതും' അതുകൊണ്ട് തന്നെ ഇസ്രയേല്‍ ഇന്ന് ചെയ്യുന്നത് മാനവരാശിക്ക് വേണ്ടിയാണെന്നും നെതന്യാഹു അവകാശപ്പെടുന്നു. ഇത് നന്‍മയും തിന്‍മയും തമ്മിലുള്ള പോരാട്ടമാണ്. അമേരിക്ക നന്‍മയ്ക്കൊപ്പം നില്‍ക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ട്രംപിന്‍റെ പിന്തുണ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും യുഎസ് സഹായമുണ്ടെന്ന വാദങ്ങളെ ശരിവച്ച് നെതന്യാഹു വെളിപ്പെടുത്തി. Also Read: ഒറ്റ ഫോൺ കോളിൽ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാൻ യു.എസിന് സാധിക്കും: ഇറാൻ
അതേസമയം, ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ യു.എസിന് ഇടപെടാനാവുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. എന്നാല്‍ യുദ്ധത്തില്‍ ഇറാന്‍ വിജയിക്കില്ലെന്നും താമസിക്കാതെ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. അതിനിടെ എല്ലാവരും ടെഹ്റാന്‍ വിട്ടുപോകണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ജി–സെവന്‍ പ്രസ്താവനയില്‍ ഒപ്പിടാന്‍ ട്രംപ് തയാറായിട്ടുമില്ല. ജി–സെവന്‍ വെട്ടിച്ചുരുക്കിയ ട്രംപ് ഒരു ദിവസം മുന്‍പേ മടങ്ങി. പെന്‍റഹണില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.