abbas-araghchi-iran

ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് ഒറ്റ ഫോൺ കോളിലൂടെ സാധിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഖ്ചി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ യുദ്ധം ആരംഭിച്ചത് ഇറാനല്ലെന്നും രക്തച്ചൊരിച്ചിൽ തുടരാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും അന്തസ്സിനെയും നേട്ടങ്ങളെയും സംരക്ഷിക്കാൻ അവസാന തുള്ളി രക്തം വരെ അഭിമാനത്തോടെ പോരാടുമെന്നും സയ്യിദ് അബ്ബാസ് അറഖ്ചി വ്യക്തമാക്കി. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ യു.എസ് ഇടപെടണമെന്നാണ് ഇറാന്‍റെ ആവശ്യം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനോട് യുദ്ധം ജയിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. വൈകുംമുൻപ് ചർച്ചകൾക്ക് ഇറാൻ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, ഇറാനും ഇസ്രയേലും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് തുർക്കി അറിയിച്ചു. 

അതിനിടെ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാനും നിർദ്ദേശം നൽകി. 

നേരതെ ഇറാന്‍റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ IRIB-യുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം. തത്സമയ സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കെയാണ് മിസൈൽ പതിച്ചതെന്ന് IRIB അറിയിച്ചു. ആക്രമണത്തിൽ ഒട്ടേറെ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചു. നിർത്തിവെച്ച സംപ്രേക്ഷണം പിന്നീട് പുനരാരംഭിച്ചു. ഇസ്രയേൽ പ്രതിരോധമന്ത്രി ആക്രമണം സ്ഥിരീകരിച്ചു. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാൻ ടി.വി സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ അറിയിച്ചു. ഇറാൻ ടി.വി ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ENGLISH SUMMARY:

Iran's Foreign Minister stated on X (formerly Twitter) that a single phone call from the United States could bring an end to Israel’s ongoing attacks. Iran urged U.S. intervention to de-escalate the conflict. Former President Donald Trump also warned Iran that war would not be in its favor and encouraged dialogue. Meanwhile, Turkey has expressed readiness to mediate between Iran and Israel. Iran further claimed it shot down an Israeli F-35 fighter jet and launched missile counterstrikes. Following the escalation, Israel warned its citizens to take shelter. Earlier, Israel had targeted Iran’s state broadcaster IRIB with a missile strike, resulting in several journalist casualties. Israel justified the strike stating IRIB was used for military purposes.